കേള്‍ക്കുന്നവര്‍ ചിരിച്ചു മണ്ണു കപ്പിപ്പോകുന്ന ഭീഷണി മുഴക്കുന്ന കാര്യത്തില്‍ സാക്ഷാല്‍ കുമ്പക്കുടി സുധാകരൻ്റെ  മൂത്ത ചേട്ടനായിട്ടു വരും നമ്മുടെ ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്നാണ് പുതിയ ഭീഷണി. ഭീഷണി കേള്‍ക്കുന്നവരുടെ ഓര്‍മ്മയില്‍ തെളിയുന്നത് താളവട്ടത്തിലെ ജഗതിയുടെ കഥാപാത്രം ചോദിച്ച താനാരുവ്വാ എന്ന സൂപ്പര്‍ഹിറ്റ് ചോദ്യവും.

എകെജി സെൻ്റര്‍ ആക്രമണക്കേസില്‍ യൂത്തു കോണ്‍ഗ്രസുകാരെ തൊട്ടാല്‍ നിയമം ലംഘിക്കുമെന്നായിരുന്നു കെ സുധാകരൻ്റെ ഭീഷണി. പ്രസ്താവന വായിച്ച് പോലീസുകാര്‍ ചിരിച്ചു മണ്ണു കപ്പിപ്പോയി. ഭീഷണി വന്ന് ആഴ്ച ഒന്നു തികഞ്ഞപ്പോള്‍ മൂന്ന് യൂത്തു കോണ്‍ഗ്രസുകാരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഭീഷണിപ്പെടുത്തിയ ആളെ ഇപ്പോള്‍ പുറത്തു കാണാറില്ല.

അതുപോലെയാണ് ആരിഫ് മുഹമ്മദ് ഖാൻ്റെയും സ്ഥിതി. മൂക്കു വിറച്ചാലും കണ്ണില്‍ പൊടി വീണാലും ഉടന്‍ ഭീഷണിയാണ്. സംസ്ഥാന സര്‍ക്കാരിനും മന്ത്രിമാര്‍ക്കും നേരെ. ആരെങ്കിലും വകവെയ്ക്കുമോ എന്നതൊന്നും ഇഷ്ടന്റെ പ്രശ്‌നമല്ല. ഭീഷണിപ്പെടുത്തി എന്ന് പത്രത്തില്‍ വരണം. ഗവര്‍ണര്‍ ആഞ്ഞടിച്ചു, അന്ത്യശാസനം മുഴക്കി എന്നൊക്കെ മനോരമയും മാതൃഭൂമിയും വെച്ചുകാച്ചുന്നത് വിവര്‍ത്തനം ചെയ്തു കേള്‍ക്കുമ്പോള്‍ ഒരു കുളിരൊക്കെ വരും.

ഇത് കേരളമാണെന്നും ഒരു മന്ത്രിയെയും സ്വമേധയാ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് അറിയുന്നവരാണ് മലയാളികളെന്നും നല്ല ധാരണ പത്രങ്ങള്‍ക്കും ഗവര്‍ണര്‍ക്കുമുണ്ട്. ഗവര്‍ണറെ വിമര്‍ശിച്ചുവെന്ന പേരില്‍ ഒരു മന്ത്രിയെയും ഒരു ചുക്കും ചെയ്യാനാവില്ല. ചെയ്യാവുന്ന ഒരു കാര്യമുണ്ട്. അസാരം ക്ഷോഭം വരുമ്പോള്‍ ഒരു വെള്ളക്കടലാസെടുത്ത്, ‘മന്ത്രിയെ പുറത്താക്കിയിരിക്കുന്നു’ എന്നെഴുതി അടിയിലൊപ്പിടാം. ഒരൊപ്പിട്ടിട്ടു മതി വന്നില്ലെങ്കിൽ, മതിയാവോളം ഒപ്പിടാം. പക്ഷേ, കടലാസ് പുറത്താരെയും കാണിച്ചിട്ട് കാര്യമില്ല. ആരും വകവെയ്ക്കില്ല.

ഗവര്‍ണര്‍ പദവിയുടെ അന്തസു കെടുത്തുന്ന പ്രസ്താവനകള്‍ നടത്തുന്നാണത്രേ ആരിഫ് ഖാനെ പ്രകോപിതനാക്കുന്നത്. ആരാണ് ഇതിയാനെ പ്രകോപിപ്പിച്ചത് എന്ന് ഗവര്‍ണറോ പിആര്‍ഒയോ പറഞ്ഞിട്ടില്ല. ട്വീറ്റില്‍ അക്കാര്യമില്ല.

പക്ഷേ, നമ്മുടെ ചില മാധ്യമങ്ങള്‍ക്ക് ഗവര്‍ണറുടെ മനസുവായിക്കാനുള്ള ലൈസന്‍സുണ്ട്. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു നടത്തിയ പ്രസ്താവനയാണുപോലും ഗവര്‍ണറെ ചൊടിപ്പിച്ചത്. സര്‍വകലാശാല ഭേദഗതി ബില്‍ ഒപ്പിടാതെ ഗവര്‍ണര്‍ കൈയില്‍ വെച്ചിരിക്കുകയാണല്ലോ. ബില്ലില്‍ ന്യൂനതകളോ അപാകതകളോ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കുകയോ സര്‍ക്കാരിന്റെ അഭിപ്രായം ചോദിക്കുകയോ ആണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. അതു ചെയ്യാതെ ബില്‍ പിടിച്ചുവച്ചിരിക്കുന്നത് തെറ്റാണെന്നും ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത നിറവേറ്റണമെന്നും ആര്‍ ബിന്ദു ആവശ്യപ്പെട്ടിരുന്നു. ആര്‍എസ്എസിൻ്റെ  പാളയത്തില്‍ പോയാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി ആരോപിച്ചിരുന്നു.

ഇതാണത്രേ ഗവര്‍ണറെ ചൊടിപ്പിച്ചത്. ബില്ലൊപ്പിട്ട് ഭരണഘടനാ ബാധ്യത നിറവേറ്റണമെന്ന് മന്ത്രി പറഞ്ഞതാണോ ആര്‍എസ്എസിനെക്കുറിച്ചു പറഞ്ഞതാണോ ഗവര്‍ണറെ പ്രകോപിപ്പിച്ചത്? അതിലെന്തു സംശയം. ആര്‍എസ്എസിനെ പറഞ്ഞതു തന്നെ.

എന്താണ് ഗവര്‍ണറുടെ പദവി ഇടിച്ചത്? ആര്‍എസ്എസ് പാളയത്തില്‍ പോയതോ അക്കാര്യം പറഞ്ഞതോ? ഗവര്‍ണര്‍ ആര്‍എസ്എസ് പാളയത്തില്‍ പോയി എന്നു പറയുന്നത് സ്വന്തം പദവിയെ ഇടിച്ചു താഴ്ത്തുന്നുവെന്ന് ഗവര്‍ണര്‍ സമ്മതിക്കുന്നു. മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല അത് എന്ന് അദ്ദേഹത്തിനുമറിയാം. അതുകൊണ്ടാണല്ലോ ആര്‍എസ്എസിൻ്റെ  കാര്യം മിണ്ടിയാല്‍ മൂക്കു ചെത്തുമെന്ന് അദ്ദേഹം ആക്രോശിക്കുന്നത്.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെ ഒരു പ്രാദേശിക ആര്‍എസ്എസിൻ്റെ  നേതാവിൻ്റെ  വീട്ടില്‍ ചെന്ന് ഊഴം കാത്തിരുന്ന് സന്ദര്‍ശനം തരപ്പെടുത്തിയ ആരിഫ് മുഹമ്മദ് ഖാനാണ് ഗവര്‍ണറുടെ പദവി ഇടിച്ചു താഴ്ത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചിനെപ്പോലും അറിയിക്കാതെയായിരുന്നു ആ സന്ദര്‍ശനം. എല്ലാ പ്രോട്ടോക്കോള്‍ മര്യാദകളും ലംഘിച്ച് ആര്‍എസ്എസ് മേധാവിയ്ക്കു മുന്നില്‍ കൂനി വണങ്ങി നില്‍ക്കുക വഴി ആരിഫ് മുഹമ്മദ് ഖാനാണ് ഗവര്‍ണറുടെ പദവി ഇടിച്ചു താഴ്ത്തിയത്. അതിലൊരു നാണക്കേടും തോന്നാത്ത അദ്ദേഹം, കേരളത്തിലെ മന്ത്രിമാരുടെ മെക്കിട്ടു കയറിയിട്ട് ഒരു കാര്യവുമില്ല. ആരും വകവെയ്ക്കുകയില്ല.

അതുകൊണ്ട്, ആ ഭീഷണിയൊന്നും ഈ മണ്ണില്‍ ചെലവാകില്ല സര്‍!

 

മന്ത്രിമാരെ പുറത്താക്കും; ഭീഷണിയുമായി ഗവർണർ

 

 

 

 

 

 

Leave A Reply

Exit mobile version