തെരഞ്ഞെടുപ്പിനു മുമ്പായി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് കോലാഹലം സൃഷ്ടിക്കാനുള്ള ഇ ഡി യുടെ രാഷ്ട്രീയക്കളി തുറന്നു കാട്ടി ഡോ. ടി എം തോമസ് ഐസക്ക്. ഹൈക്കോടതിയിൽ നിന്നു തുടർച്ചയായി തിരിച്ചടി കിട്ടിയിട്ടും ഇഡി മാധ്യമങ്ങളിലൂടെ താറടിക്കാനുള്ള രാഷ്ട്രീയക്കളിയുമായി നടക്കുകയാണെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. തിരിച്ചടി കിട്ടുമ്പോഴൊക്കെ ഇ ഡി സ്ഥിരം അടവ് പുറത്തെടുക്കും – മുദ്ര വെച്ച കവറിൽ വിവരം കൈമാറൽ. എന്തൊരു തമാശയാണെന്നു നോക്കൂ. ദിവസം ഒന്നു വീതം നാലു നേരം എന്ന കണക്കിൽ മാധ്യമങ്ങളിലെ അനുചരവൃന്ദത്തിന് വാട്സാപ്പു വഴി സകലമാന വിവരങ്ങളും കൈമാറുന്നവർക്ക്, അതൊന്നും നേരെ ചൊവ്വെ കോടതിയിൽ പറയാനുള്ള ധൈര്യമില്ല. അവിടെ മുദ്രവെച്ച കവറിലേ വിവരം കൈമാറൂ. ആ അവസ്ഥയിലാണ് ഇഡിയിലെ വീരശൂരപരാക്രമികളെന്ന് ഐസക് പരിഹസിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ് :

“മസാലാ ബോണ്ടു കേസിൽ എന്നെ എങ്ങനെയെങ്കിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഒരു കോലാഹലം സൃഷ്ടിക്കാനുള്ള ഇഡിയുടെ നീക്കത്തിന് വീണ്ടും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. വരുന്ന മെയ് 22ന് കേസ് വാദം കേൾക്കാൻ വെച്ചിരിക്കുകയാണ്. അതിനു മുമ്പ് എന്താണ് ഇഡിയുടെ ധൃതിയെന്ന് സിംഗിൾ ബെഞ്ചും ചോദിച്ചു, ഇപ്പോൾ ഡിവിഷൻ ബെഞ്ചും. ധൃതിയെന്താണെന്ന് നമുക്കറിയാം. വിഷയം രാഷ്ട്രീയമാണ്. ലക്ഷ്യം മാധ്യമങ്ങൾ വഴി താറടിക്കാൻ ശ്രമിക്കലാണ്. ആ മോഹത്തിന്റെ കടയ്ക്കലാണ് ഹൈക്കോടതി വെട്ടിയത്.

എന്തുകൊണ്ടാണ് ഇഡിയ്ക്ക് തുടർച്ചയായി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വരുന്നത്. ആദ്യഘട്ടത്തിൽ നൽകിയ സമൻസുകൾ മുഴുവൻ ഇഡിയ്ക്കു പിൻവലിക്കേണ്ടി വന്നു. ഇഡിയുടെ നീക്കം നിയമപരമായിരുന്നെങ്കിൽ, സമൻസു പിൻവലിക്കേണ്ട കാര്യമില്ലല്ലോ. എന്തൊക്കെയാണ് എന്നോടു ചോദിച്ചത്? മക്കൾ അടക്കമുള്ള എന്റെ കുടുംബാംഗങ്ങളുടെ മുഴുവൻ ഒരു ദശാബ്ദക്കാലത്തെ യാത്രാ രേഖകൾ. ഞാൻ മന്ത്രിയെന്ന നിലയിൽവഹിച്ചിരുന്ന ഡയറക്ടർ ബോർഡ് മെമ്പർ ആയിരുന്ന കമ്പനികളുടെ കണക്കുകൾ. അങ്ങനെ ഏതാണ്ട് 13 ഇനങ്ങളിലെ രേഖകൾ.

ഇഡിയും അവരുടെ വാട്സാപ്പ് ദാസൻമാരായ ഏതാനും മാധ്യമപ്രവർത്തകരും ധരിച്ചത്, ഈ രേഖകളും വാരിക്കെട്ടി ഞാൻ ഇഡിയിലെ ഏമാന്മാരുടെ മുന്നിൽച്ചെന്ന് നട്ടെല്ലും വളച്ചു നിൽക്കുമെന്നാണ്. ഇഡിയുടെ സമൻസിനെ ഞാൻ കോടതിയിൽ ചോദ്യം ചെയ്തു. നീതി തേടി കോടതിയെ സമീപിക്കാനുള്ള പൌരന്റെ അവകാശം വിനിയോഗിച്ചു. എന്റെ ആവശ്യത്തിന് നിയമപരമായ നിലനിൽപ്പുണ്ടെന്ന് കോടതിയ്ക്കു ബോധ്യമായി.

എന്തിനാണ് ഈ വിവരങ്ങൾ ആവശ്യപ്പെട്ടത് എന്ന് കോടതി ഇഡിയോടു ചോദിച്ചു. ഇഡിയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ആ സമൻസുകൾ അവർക്ക് പിൻവലിക്കേണ്ടി വന്നത്.

അതുകഴിഞ്ഞ് അടുത്ത സെറ്റ് സമൻസ് അയക്കാൻ തുടങ്ങി. ആദ്യ സമൻസിൽ 10-13 ഇനങ്ങളുടെ രേഖ ചോദിച്ചവർക്ക് വീണ്ടുവിചാരമുണ്ടായി. പുതിയ സമൻസിൽ ഇനങ്ങൾ മൂന്നായി ചുരുങ്ങി. ഒന്ന്, എന്റെ ഐഡി പ്രൂഫ്. രണ്ട്, മസാലബോണ്ട് ഇറക്കിയതിൽ എന്റെ പങ്ക് എന്താണെന്നുള്ളതാണ്. മൂന്ന് മസാലബോണ്ട് ഫണ്ട് എന്തിനൊക്കെ വിനിയോഗിച്ചു.

ഞാൻ വീണ്ടും കോടതിയെ സമീപിച്ചു. മസാലബോണ്ട് ഇറക്കാൻ തീരുമാനിച്ചത് കിഫ്ബി ഡയറക്ടർ ബോഡും ഗവേണിംഗ് ബോഡിയുമാണ്. മന്ത്രിയെന്ന നിലയിൽ കിഫ്ബി ഡയറക്ടർ ബോർഡിന്റെ എക്സിക്യുട്ടീവ് ചെയർമാനും ഗവേണിംഗ്ബോഡിയുടെ വൈസ് ചെയർമാനും ഞാനായിരുന്നു. ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം മസാലബോണ്ടുകൾ ഇറക്കുന്നതിനു നിയന്ത്രണാധികാരമുള്ള ആർബിഐയുടെ പക്കൽ നിന്നും അനുമതി വാങ്ങിയിട്ടാണ് ആ തീരുമാനമെടുത്തത്. തങ്ങളുടെ അനുമതിയോടെയാണ് കിഫ്ബി മസാലാ ബോണ്ട് ഇറക്കിയത് എന്ന് ആർബിഐ തന്നെ കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തു. വന്നു പറഞ്ഞു. അതോടെ ഇഡിയുടെ അടുത്ത വാദവും പൊളിഞ്ഞു. ഇത്തരത്തിൽ സമൻസുകൾ അയയ്ക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ അന്തിമ വിധി വന്നിട്ടില്ല. അതുവരെ ഇഡിയ്ക്കു മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന നിലപാടാണ് കോടതിയിൽ ഞാൻ സ്വീകരിച്ചത്.

ഇഡിയുടെ മുന്നിൽ പോവുകയേ ഇല്ല എന്ന നിലപാടല്ല ഹൈക്കോടതിയിൽ സ്വീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ആരെയും വിളിച്ചുവരുത്തി വിവരങ്ങൾ തേടാനും ചോദ്യം ചെയ്യാനുമൊക്കെ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമ്പൂർണമായ അധികാരമുണ്ട്. അതിനെയൊന്നും ഇവിടെ ആരും ചോദ്യം ചെയ്യുന്നില്ല.

എന്നാൽ ഇവിടെ നടക്കുന്നത് വിചിത്രമായ കാര്യമാണ്. എന്തിന്റെ പേരിലാണ് അന്വേഷണം എന്ന് കോടതിയെപ്പോലും ഇതേവരെ ബോധ്യപ്പെടുത്താൻ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുകൊല്ലമായി കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയാണ്. പലഘട്ടങ്ങളിലായി ആയിരക്കണക്കിനു പേജുള്ള രേഖകളും വിശദമായ മൊഴിയും ശേഖരിച്ചിട്ടുണ്ട്. ആ രേഖകളുടെ അടിസ്ഥാനത്തിൽ ഒരു നിയമലംഘനമോ, അഴിമതിയോ ഇന്നോളം ആരോപിക്കാൻ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല. പിന്നെന്തിനാണ് ചോദ്യം ചെയ്യൽ?

കേസിൽ രണ്ടുപക്ഷത്തിന്റെയും വാദം മെയ് 22ന് കേൾക്കാമെന്ന് ഹൈക്കോടതി നിശ്ചയിച്ചു കഴിഞ്ഞ ശേഷമാണ് അടുത്ത സമൻസ്.

ഇതിൽ രണ്ടുകാര്യങ്ങളാണ് ചോദിച്ചിരിക്കുന്നത്. ഒന്ന്, എന്റെ ഐഡി കാർഡ്. രണ്ടാമത്തേത്, മസാലബോണ്ടിൽ നിന്നും ലഭിച്ച പണം ചെലവഴിച്ചതിനെക്കുറിച്ച് വിശദീകരിക്കണം. എന്നിൽ നിന്ന് 13 ഇനങ്ങളിൽ വിവരം തേടാനിറങ്ങിയ ഇഡിയ്ക്ക് ഇപ്പോ രണ്ടു കാര്യങ്ങളേ വേണ്ടൂ. ഇഡിയ്ക്ക് ഇങ്ങനെ പിൻവലിയേണ്ടി വന്നതിനു കാരണം, ന്യായവും സത്യവും എന്റെ ഭാഗത്തായതു കൊണ്ടാണ്.

എന്നെ അടിയന്തരമായി വിളിപ്പിക്കുന്നതിന്റെ കാരണം എന്തെന്ന് ഹൈക്കോടതി ഇഡിയോടു ചോദിച്ചു. മസാല ബോണ്ട് ചെലവിട്ടതിനെക്കുറിച്ച് ചില തർക്കങ്ങളുണ്ട് എന്നായിരുന്നു അവരുടെ മറുപടി. അപ്പോൾ തർക്കമുള്ള ഒരു കാര്യമെങ്കിലും കോടതിയെ ബോധ്യപ്പെടുത്താൻ ഇഡിയോട് ആവശ്യപ്പെട്ടു.

അപ്പോൾ സ്ഥിരം അടവ് പുറത്തെടുത്തു. മുദ്ര വെച്ച കവറിൽ വിവരം കൈമാറൽ. എന്തൊരു തമാശയാണെന്നു നോക്കൂ. ദിവസം ഒന്നു വീതം നാലു നേരം എന്ന കണക്കിൽ മാധ്യമങ്ങളിലെ അനുചരവൃന്ദത്തിന് വാട്സാപ്പു വഴി സകലമാന വിവരങ്ങളും കൈമാറുന്നവർക്ക്, അതൊന്നും നേരെ ചൊവ്വെ കോടതിയിൽ പറയാനുള്ള ധൈര്യമില്ല. അവിടെ മുദ്രവെച്ച കവറിലേ വിവരം കൈമാറൂ. ആ അവസ്ഥയിലാണ് ഇഡിയിലെ വീരശൂരപരാക്രമികൾ.

സീലു വെച്ച കവർ കോടതി തുറന്നു നോക്കി. ആ വിവരം എന്താണെന്ന് നമുക്കാർക്കുമറിയില്ല. പക്ഷേ, കവറിൽ കണ്ട വിവരങ്ങളിൽ നിന്ന് വലിയ അടിയന്തരസ്വഭാവമൊന്നും കോടതിയ്ക്കു ബോധ്യമായില്ല. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർത്ഥിയെ ശല്യം ചെയ്യുന്നത് ശരിയല്ല എന്ന കമന്റോടെ സിംഗിൾ ബെഞ്ച് കേസ് മെയ് 22ന് പരിഗണിക്കാം എന്ന് ഉത്തരവിട്ടു.

അതിനെതിരെയാണ് ഇഡി ഡിവിഷൻ ബഞ്ചിൽ പോയത്. അവിടെയും കൊടുത്തു സീലു വെച്ച കവർ. എന്തുചെയ്യാം. അടിയന്തര സ്വഭാവം ഡിവിഷൻ ബെഞ്ചിനും ബോധ്യമായില്ല. ഇഡിയുടെ അപ്പീലിൽ മെയ് 7-ന് കേൾക്കാമെന്ന് പറഞ്ഞു. എന്നു മാത്രമല്ല, തെരഞ്ഞടുപ്പ് കാലത്ത് എന്നെ വിളിപ്പിക്കരുതെന്ന സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാനും വിസമ്മതിച്ചു. ഇതിൽപ്പരം ഒരു തിരിച്ചടി ഇഡിക്ക് ലഭിക്കാനുണ്ടോ?

തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ഇഡിയുടെ നീക്കം എന്ന് ഇനിയാർക്കെങ്കിലും മനസിലാകാനുണ്ടോ? സ്ഥാനാർത്ഥിയായ എന്നെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന് ഇഡിയ്ക്ക് വാശിയുണ്ടായിരുന്നു. മാധ്യമങ്ങളിൽ പ്രചരിപ്പിക്കേണ്ട കൽപിതകഥകളുടെ തിരക്കഥയും റെഡിയാക്കി വെച്ചിരുന്നിരിക്കണം. ആ മോഹക്കനലുകളാണ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും നിഷ്കരുണം കെടുത്തിക്കളഞ്ഞത്.

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പു പ്രക്രിയയുടെ അന്തസു സംരക്ഷിക്കുകയാണ് കേരള ഹൈക്കോടതി ചെയ്തത്. അതുകൊണ്ടാണ് ഇഡിയുടെ ഇലക്ഷൻ സ്റ്റണ്ട് ചീറ്റിപ്പോയത്. മുദ്രവെച്ച കവറിലെ വിവരങ്ങൾ എന്നു പറഞ്ഞ് ഇഡിയുടെ അനുചരന്മാരായ മാധ്യമപ്രവർത്തകർ ചിലതു പ്രചരിപ്പിക്കുന്നുണ്ട്. അതേക്കുറിച്ച് അടുത്ത പോസ്റ്റിൽ …….”

Leave A Reply

Exit mobile version