തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ. സുരേഷ് ഗോപി കേരളത്തിൽ സിനിമാറ്റിക് കോമാളിയായി മാറിയെന്നും ഡിവൈഎഫ്ഐ പ്രതികരിച്ചു. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് മാധ്യമ പ്രവർത്തകയോട് പെരുമാറിയ രീതി കണ്ടാൽ വ്യക്തമാകും. മാധ്യമപ്രവർത്തകയോടുള്ള സമീപനം സുരേഷ് ഗോപി പേറുന്ന ജീർണ രാഷ്ട്രീയത്തിൻ്റെ ബാക്കിപത്രമെന്നും ഡിവൈഎഫ്ഐ നിലപാട് വ്യക്തമാക്കി.