കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ ഫോട്ടോ മോർഫ് ചെയ്ത് ഫേസ്ബുക്കിലുടെ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മാനനഷ്ടത്തിനും വ്യാജരേഖ നിർമ്മാണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി പ്രവർത്തകയായ സ്ത്രീ ഇരിക്കുന്ന ഫോട്ടോ മാറ്റി പി കെ ഇന്ദിരയുടെ ഫോട്ടോ വെച്ചാണ് ജെ ജോസഫ് ഡിക്രൂസ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. നിരവധി കോൺഗ്രസ് പ്രൊഫൈലുകളും ഈ ഫോട്ടോ പീന്നീട് പങ്ക് വെച്ചു.
സിപിഎം – ബിജെപി ബന്ധം എന്ന് സ്ഥാപിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന നുണക്കഥയ്ക്ക് എരിവ് പകരാനായിരുന്നു ഈ സൃഷ്ടി. ഇങ്ങനെ നവമാധ്യങ്ങളിലൂടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച് തന്നെയും ഭർത്താവിനെയും അപമാനിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് ഇന്ദിര നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.