ഒക്ടോബർ 9 വിപ്ലവ നക്ഷത്രം ചെ എന്ന ‘ഏണസ്റ്റോ ഗുവേര ഡേ ലാ സെർന’യുടെ അൻപത്തിയാറാം രക്തസാക്ഷി ദിനം.
അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച വിപ്ലവകാരി. ഗറില്ലസമരതന്ത്രങ്ങളിലൂടെ സാമ്രാജ്യത്വത്തെ വിറപ്പിച്ച പോരാളി. ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ വലം കൈ ആയിരുന്നു ചെഗുവേര. ക്യൂബൻ വിപ്ലവത്തിൻ്റെ വിജയത്തിനുശേഷം ക്യൂബയുടെ സോഷ്യലിസ്റ്റ് പുന:സംഘടനയിലും സുപ്രധാന ചുമതല വഹിച്ചു.
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേര, ദക്ഷിണ അമേരിക്കയിലുടനീളം മോട്ടോർ സൈക്കിൾ യാത്ര നടത്തി. ആ യാത്രയിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും ചെ ഗുവേരയെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. 1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര, ഫിദൽ കാസ്ട്രോയുടെ വിപ്ലവ പാർടിയായ ‘ജൂലൈ 26-പ്രസ്ഥാന’ത്തിലെ മുന്നേറ്റ സേനയിൽ ചേർന്നു. 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ‘ഗ്രാൻമ’ എന്ന പായ്ക്കപ്പലിൽ അദ്ദേഹം ഫിദലിന്റെ സഹപോരാളിയായി ക്യൂബയിലേക്ക് യാത്ര തിരിച്ചു. ഫിദലിൻ്റെയും ചെഗുവേരയുടെയും നേതൃത്വത്തിൽ നടന്ന വിപ്ലവം വിജയിക്കുകയും ക്യൂബ വിമോചിപ്പിക്കപ്പെടുകയും ചെയ്തു. പുതിയ ഭരണകൂടത്തിൽ പല പ്രധാന ഉത്തരവാദിത്വങ്ങളും വഹിച്ചു. ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതി. 1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെ ക്യൂബ വിട്ടു. ഒളിപ്പോരാട്ടത്തിനിടയിൽ ബൊളീവിയയിൽ വെച്ച് സിഐഐയുടേയും യുഎസ് സൈന്യത്തിൻ്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ആക്രമണത്തിൽ അദ്ദേഹം പിടിയിലായി. 1967 ഒക്ടോബർ 9 ന് ബൊളീവിയൻ സൈന്യം ലാ ഹിഗ്വേരയിൽ ധീരനായ ആ വിപ്ലവകാരിയെ വിചാരണ കൂടാതെ വധിച്ചു.
ചെ യുടെ ഓർമ്മകൾ ലോകമെങ്ങുമുള്ള യുവത്വത്തെ പുളകം കൊള്ളിക്കുന്നു. ഇന്നും എന്നും ലോകവിമോചനപ്പോരാട്ടങ്ങളുടെ കൊടിയടയാളമാണ് ചെ. “മുന്നോട്ട്, എപ്പോഴും മുന്നോട്ട് …….. വിജയത്തിലേക്ക് ………….”. ചെ യുടെ ത്രസിപ്പിക്കുന്ന ആഹ്വാനം ലോകത്തെങ്ങുമുള്ള വിപ്ലവകാരികളെ മുന്നോട്ടു തന്നെ നയിച്ചു കൊണ്ടിരിക്കും.