ന്യൂഡൽഹി: തൊഴിലാളിയായ മുസ്ലിം യുവാവിനെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ഷഹിൽ എന്ന യുവാവാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. ഉത്തർപ്രദേശിലെ ബുലങ്ഷഹർ ജില്ലയിലാണ് സംഭവം. ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും യുവാവിന്റെ പകുതി തലമുടി വടിച്ചുകളയുകയും ചെയ്തു. മൂന്നുപേർ ചേർന്നായിരുന്നു മർദ്ദനം.

ഷഹിലിനെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂൺ 13 ന് ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന ഷഹിലിനെ ബൈക്കിലെത്തിയ സംഘം ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം, മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. പിന്നീട് മരത്തിൽ കെട്ടിയിട്ട് തല മൊട്ടയടിച്ച ശേഷം തന്നോട് ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടും മർദ്ദിച്ചുവെന്ന് ഷഹിൽ ആരോപിച്ചു.

അതേസമയം, സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസുകാർ നടപടി സ്വീകരിച്ചില്ല. പരാതി പിൻവലിക്കുന്നതിന് വേണ്ടി പോലീസുകാർ ഭീഷണിപ്പെടുത്തിയതായും ഷഹിലിന്റെ കുടുംബം ആരോപിച്ചു. കേസുമായി മുന്നോട്ട് പോകുമെന്ന് ഷഹീലിന്റെ രക്ഷിതാക്കൾ അറിയിച്ചു.

Leave A Reply

Exit mobile version