സാവോപോളോ: ഫുട്ബോളിൻ്റെ എക്കാലത്തേയും ഇതിഹാസ താരം പെലെ അന്തരിച്ചു. 82 വയസായിരുന്നു. അർബുദ ബാധിതനായതിനെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു ലോകകപ്പുകൾ നേടിയ ടീമിൽ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകൾ നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു. 92 മത്സരങ്ങളിൽ 77 ഗോളാണ് ബ്രസീൽ കുപ്പായത്തിൽ പെലെ നേടിയത്.

പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിൻ്റെ തുടക്കമിട്ട പെലെ 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിൻ്റെ താരമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളിൽ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.

1940 ഒക്ടോബർ 23ന് ബ്രസീലിലെ ട്രെസ് കോറക്കോസിലായിരുന്നു ജനനം. അച്ഛൻ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 1956ൽ പതിനഞ്ചാം വയസിൽ ബ്രസീലിൻ്റെ പ്രസിദ്ധമായ ഫുട്‌ബോൾ ക്ലബ്ബ് സാന്റോസിനൊപ്പമാണ് കളി തുടങ്ങിയത്. 1956 സെപ്റ്റംബർ ഏഴിന് കൊറിന്ത്യൻസിനെതിരെയായിരുന്നു സാന്റോസ് സീനിയർ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തിൽ പെലെ ഒരു ഗോളും സ്വന്തം പേരിനൊപ്പം ചേർത്തു.

നേട്ടങ്ങൾ

ലോകകപ്പ് വിജയം: 1958, 1962, 1970

കോപ അമേരിക്ക ടോപ് സ്കോറർ: 1959

ലോകകപ്പ് ആകെ മൽസരങ്ങൾ: 14

ലോകകപ്പ് ഗോൾ: സ്വീഡൻ 1958 ൽ  6, ചിലി 1962 ൽ  1 , ഇംഗ്ലണ്ട് 1966 ൽ  1 , മെക്സിക്കോ 1970 ൽ 4 , ആകെ  12 ഗോളുകൾ

ബഹുമതികൾ

ഫിഫാ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓർഡർ ഓഫ് മെറിറ്റ്: 2004

ഐഒസി അത്ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്ബോളർ: 1973

ഫിഫാ ലോകകപ്പ് മികച്ച കളിക്കാരൻ: 1970

ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958

Leave A Reply

Exit mobile version