പെർത്ത്: ടി20 ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ന് ശ്രീലങ്കയെ നേരിടും. സ്വന്തം നാട്ടിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഓസ്ട്രേലിയക്ക് ജയം അനിവാര്യമാണ്. ഗ്രൂപ്പ് എയിൽ നിന്ന് സെമിയിലേക്ക് മുന്നേറാൻ കങ്കാരുപ്പടയ്ക്ക് ഇന്ന് ജയിച്ചേ മതിയാകൂ. ഇന്ത്യൻ സമയം വൈകുന്നേരം 4.30ന് പെർത്തിൽ ആണ് മത്സരം.
സൂപ്പർ 12ലെ ഉദ്ഘാടന മത്സരത്തിൽ അയൽക്കാരായ ന്യൂസിലൻഡിനോട് 89 റൺസിൻ്റെ കൂറ്റൻ തോൽവി വഴങ്ങിയാണ് ഓസീസ് എത്തുന്നത്. എന്നാൽ അയർലൻഡിനെ തകർത്തെറിഞ്ഞതിൻ്റെ ആത്മവിശ്വാസത്തിലാണ് മറുവശത്ത് ശ്രീലങ്ക. ഇംഗ്ലണ്ട്, അയർലൻഡ്, അഫ്ഗാനിസ്താൻ എന്നിവർക്കെതിരെയാണ് ഓസിസിൻ്റെ ശേഷിക്കുന്ന മത്സരങ്ങൾ. ശക്തരായ ഇംഗ്ലണ്ട് കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ഇന്ന് തോൽവി വഴങ്ങിയാൽ ഓസീസിൻ്റെ സെമി പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകും.