നഷ്ടമെത്രത്തോളമെന്ന് അറിയാൻ പറ്റാത്ത വിധം സഖാവ് പി. ബിജുവിൻ്റെ വിയോഗം ഇപ്പോഴും മനസ്സിൽ വിങ്ങലായി തുടരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. കോവിഡ് മഹാമാരിക്ക് വിട്ട്കൊടുക്കാതെ സഖാവിനെ സംരക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിക്കുകയാണ്. ചിരസ്മരണകളിൽ സഹോദരനായി, സഖാവായി, ഏറ്റവുമടുത്ത സുഹൃത്തായി ഒരുപാട് അനുഭവങ്ങൾ നൽകിയ സഖാവ് പി. ബിജുവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ എന്ന് എ എൻ ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

നിൻ്റെ ഓർമ്മകളിപ്പോഴും എന്റെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നു…
പ്രിയ സഖാവ് ബിജു നമ്മെ വിട്ടുപിരിഞ്ഞിട്ട് രണ്ട് വർഷമാകുന്നു എന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഈ രണ്ട് വർഷങ്ങൾക്കിടയിൽ ബിജുവിനെ എത്ര സന്ദർഭങ്ങളിൽ, എത്ര സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ എത്ര യാത്രകളിൽ, എത്ര സ്ഥലങ്ങളിൽ വെച്ച് ഓർത്തിട്ടുണ്ടാകും എന്ന് എനിക്ക് നിശ്ചയമില്ല. നമുക്കിടയിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളിലും ബിജു ജീവനോടെ ഉണ്ടായിരുന്നെങ്കിൽ അവൻ എന്നെ വിളിച്ചു ആ വിഷയത്തിൽ ഇങ്ങനെ സംസാരിച്ചേനെ, ഇത്തരത്തിൽ അഭിപ്രായം പറഞ്ഞേനെ എന്നെനിക്ക് തോന്നാറുണ്ട്.

നിയമസഭ സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത ദിവസം എന്നെ കാണാനെത്തിയ, ആശംസകൾ അറിയിച്ച അനേകം ആൾക്കാരിൽ സഖാവും ഉറപ്പായും ഉണ്ടായേനെ. തീർച്ചയായും നിയമസഭയിലും തുടർന്ന് എന്റെ വാഹനത്തിലും രാത്രി വൈകും വരെ കുശലം പറയാനും അന്ന് അവൻ കൂടെ ഉണ്ടാകുമായിരുന്നു.

സഖാവ് കോടിയേരിയുടെ ചിതയാളുമ്പോൾ അരികിലിരിക്കുന്ന എൻ്റെയും സ്വരാജിന്റെയും രാജേഷിൻ്റെയും സുമേഷിൻ്റെയും കൂടെ ഉറപ്പായും സഖാവ് പി. ബിജുവും ഉണ്ടായിരിക്കും. അവന് അത്രയേറെ പ്രിയപ്പെട്ട നേതാവായിരുന്നു സഖാവ് കോടിയേരി. എസ്എഫ്ഐ കാലം തൊട്ട് ഞങ്ങളെയെല്ലാം ശാസിച്ചും ഉപദേശിച്ചും നേർവഴിക്ക് നയിച്ച സഖാവായിരുന്നു കോടിയേരി. ഇങ്ങനെ എത്രയെത്ര സന്ദർഭങ്ങളിലാണ് ബിജു കൂടെ നടന്നുനീങ്ങുന്നത്, ഒരുമിച്ചിരുന്നു സംസാരിക്കുന്നത്, തമാശകൾ കൊണ്ട് ചിരിപ്പിക്കുന്നത്, ഓർമ്മകളുടെ അലയൊലികളാൽ കണ്ണിനെ ഈറനണിയിക്കുന്നത്.

കോവിഡ് മഹാമാരിക്ക് വിട്ട്കൊടുക്കാതെ സഖാവിനെ സംരക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് ആഗ്രഹിക്കുകയാണ്. എങ്കിലിതാ ഇന്നലെ ഡിവൈഎഫ്ഐ സ്ഥാപകദിനത്തിൽ അവൻ്റെ ഒരു ഫോൺകോൾ ഉണ്ടാകുമായിരുന്നു. മുന്നിൽ നിന്ന് നയിച്ച സമരങ്ങളുടെ, മർദ്ദനങ്ങളേറ്റ് വാങ്ങിയ പോരാട്ടത്തിൻ നാളുകളെ പറ്റിയെല്ലാം ഞങ്ങൾ സംസാരിച്ചേനെ. എസ്എഫ്ഐ കാലഘട്ടത്തിൽ തലപൊട്ടി ചോരയൊലിച്ചിട്ടും തളരാതെ സഖാക്കളെ സംരക്ഷിച്ച സമര ഓർമ്മകൾ പങ്കുവെച്ചേനെ. പിറകിൽ തട്ടി കൊണ്ട്, ഒരു വാതിൽ തുറന്നു കൊണ്ട്, ഒരു ഫോൺകോളിന് അപ്പുറത്ത് നിന്നുകൊണ്ട് ഡേയ്, ഡേയ് എന്നൊരു വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്.

നഷ്ടമെത്രത്തോളമെന്ന് അറിയാൻ പറ്റാത്ത വിധം സഖാവ് പി. ബിജുവിൻ്റെ വിയോഗം ഇപ്പോഴും മനസ്സിൽ വിങ്ങലായി തുടരുന്നു.
ചിരസ്മരണകളിൽ സഹോദരനായി, സഖാവായി, ഏറ്റവുമടുത്ത സുഹൃത്തായി ഒരുപാട് അനുഭവങ്ങൾ നൽകിയ സഖാവ് പി. ബിജുവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്‌തപുഷ്പങ്ങൾ.

Leave A Reply

Exit mobile version