മുഖ്യമന്ത്രിയ്ക്കെതിരെ ഗവർണർ രാഷ്ട്രപതിയ്ക്കു നൽകിയ കത്തു സംബന്ധിച്ച് ഏറ്റവും വിശദമായ റിപ്പോർട്ട് മാതൃഭൂമിയിലെ അനീഷ് ജേക്കബ് ചേട്ടനാണ് നൽകിയത്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വഴിത്തിരിവിലേക്ക് എന്നാണ് അദ്ദേഹത്തിൻ്റെ വിശകലനം.

ഗവര്‍ണറുടെ കത്ത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കുമെന്നാണ് അനീഷ് ജേക്കബ് ചേട്ടന് കിട്ടിയിരിക്കുന്ന സൂചന. ഗവര്‍ണറുടെ കത്തിനെക്കുറിച്ച് രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അഭിപ്രായം തേടുമെന്ന വിവരവും അദ്ദേഹം പുറത്തു വിട്ടു കഴിഞ്ഞു.. ഗവര്‍ണര്‍മാരുടെ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കീഴിലായതിനാല്‍ അവിടെ നിന്നുള്ള റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടിയെന്ന കാര്യത്തിലും അനീഷേട്ടന് തെല്ലുമില്ല സംശയം.

അല്ല ചേട്ടാ. ചേട്ടനീ പത്രപ്രവർത്തനത്തിൽ എത്ര കൊല്ലത്തെ പരിചയമുണ്ട്? ഇങ്ങനെയൊക്കെ തള്ളി മറിക്കുമ്പോൾ ഒരുളുപ്പൊക്കെ വേണ്ടേ? വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകുംമുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെയും കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കാറുണ്ടെന്നാണ് അനീഷ് ജേക്കബിൻ്റെ റിപ്പോർട്ടിലുള്ളത്.

നമ്മുടെ പ്രധാനമന്ത്രിയുണ്ടല്ലോ. നരേന്ദ്രമോദി. 2014ൽ അധികാരമേറ്റ ശേഷം 68 തവണ വിദേശ രാജ്യങ്ങളിൽ പോയിട്ടുണ്ട്. എത്ര തവണ അദ്ദേഹം പോകുന്നതിനു മുമ്പും പോയതിനുശേഷവും രാഷ്ട്രപതി ഭവനിൽ ചെന്ന് പ്രസിഡന്റിനെ മുഖദാവിൽ സന്ദർശന വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്?

ദ്രൗപദി മുർമ്മു പ്രസിഡന്റായി അധികാരമേറ്റത് 2022 ജൂലൈയിലാണ്. അതിനുശേഷം മോദി സമർഖണ്ഡും ഉസ്ബക്കിസ്ഥാനും ജപ്പാനും സന്ദർശിച്ചു. സെപ്തംബർ 15ന് തുടങ്ങിയ പര്യടനം അവസാനിച്ചത് 27ന്. ജപ്പാനിൽ പോകുന്നതിനു മുമ്പ് തിരിച്ചെത്തുകയും ചെയ്തിരുന്നു. കഷ്ടിച്ച് രണ്ടു മാസമേ ആകുന്നുള്ളൂ ഈ സന്ദർശനം നടന്നിട്ട്. ഈ സന്ദർശനത്തിനു മുമ്പോ ശേഷമോ മോദി, ദ്രൗപതി മുർമ്മുവിനെ സന്ദർശച്ച് കാര്യങ്ങൾ ധരിപ്പിച്ച വിവരം ഏതെങ്കിലും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടോ?

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനം അറിയിക്കാൻ മോദി രാഷ്ട്രപതി ഭവനിൽ പോയിരുന്നു. അത് 2022 ജൂലൈയിലാണ്. അതിനു ശേഷം തൻ്റെ വിദേശസന്ദർശനത്തെക്കുറിച്ച് സംസാരിക്കാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ മോദി അവിടെ പോയിട്ടില്ല. പ്രസിഡന്റിനെ കണ്ടിട്ടുമില്ല.

എന്നിട്ടും അനീഷ് ജേക്കബ് ചേട്ടൻ തള്ളുന്നതു നോക്കൂ. ഔദ്യോഗിക യാത്ര പോകുംമുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെ നേരിട്ടു കണ്ടു കാര്യങ്ങൾ ധരിപ്പിക്കാറുണ്ടുപോലും.

ഒരു പൊടിയ്ക്കെങ്കിലും ഉളുപ്പു വേണ്ടേ ചേട്ടാ. ഒന്നുമില്ലെങ്കിലും ഒരു സീനിയർ ജേണലിസ്റ്റല്ലേ. ആ പരിഗണന താങ്കളുടെ റിപ്പോർട്ടുകൾക്ക് നൽകുന്ന ചിലരെങ്കിലും ഉണ്ടാകില്ലേ. അവരൊക്കെ വിശ്വസിക്കില്ലേ, ഈ പച്ചക്കള്ളം. ആർക്കു വേണ്ടിയാണ് ചേട്ടാ, ഈ വിടുപണി.

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനം സംബന്ധിച്ചുള്ള നിർദ്ദേശങ്ങ രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ചത് ഒന്നു പരതിയാൽ ഗൂഗിൾ കൊണ്ടുത്തരും. അവിടെയൊന്നും സന്ദർശന വിവരം പോകുന്നതിന് മുമ്പോ, പിമ്പോ ഗവർണറെ ധരിപ്പിക്കണമെന്ന് പറയുന്നില്ല. കാബിനറ്റ് സെക്രട്ടേറിയറ്റിനെയും വിദേശ കാര്യ മന്ത്രാലയത്തെയുമൊക്കെയാണ് കാര്യങ്ങൾ ധരിപ്പിക്കേണ്ടത്.  ഗവർണറുടെ കാര്യം ഈ മാർഗനിർദ്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞിട്ടേയില്ല. അപ്പോൾപ്പിന്നെ ഗവർണർക്ക് ഇതിലെന്തു കാര്യം? പൊന്നുരുക്കുന്നത് പൂച്ചക്കുഞ്ഞിനെ അറിയിച്ചില്ലെന്ന് അനീഷ് ജേക്കബ് വാർത്തയെഴുതിയെന്നുവെച്ച്, പൂച്ചച്ഛനും പൂച്ചമ്മയ്ക്കും കേറി നടപടിയെടുക്കാൻ പറ്റുമോ?

കേട്ടോ, അനീഷേട്ടാ. മന്ത്രിമാരുടെ വിദേശ സന്ദർശനം സംബന്ധിച്ച് 2015 മെയ് ആറിനാണ് രാഷ്ട്രപതി ഭവൻ വക  ഏറ്റവും പുതിയ നിർദ്ദേശങ്ങൾ വന്നത്. വിദേശ സന്ദർശനങ്ങൾക്ക് പൊളിറ്റിക്കൽ ക്ലിയറൻസും എഫ്സിആർഎ ക്ലിയറൻസുമാണ് അനിവാര്യം. വിദേശ കാര്യവകുപ്പിനെയും വിവരമറിയിക്കണം.

അതുകൊണ്ട് ഗവർണറുടെ കത്തിന്മേൽ ആർക്കും  ഒരു നടപടിയും എടുക്കാനാവില്ല. മലമറിക്കുന്ന നടപടികൾ വരുമെന്ന് അനീഷ് ജേക്കബിനും കൂട്ടർക്കും സ്വപ്നം കാണാം. മറിച്ചാരും ചോദിക്കില്ല എന്ന് നല്ല ഉറപ്പുള്ളതുകൊണ്ട് മാതൃഭൂമിയിൽ ബൈലൈൻ ചാമ്പി വാർത്തയുമെഴുതാം. പക്ഷേ, വായിക്കുന്നവരെല്ലാം മണ്ടന്മാരാണെന്ന് ധരിക്കരുത്. അതൊന്ന് മനസിൽ വെച്ചാൽ മതി.

Leave A Reply

Exit mobile version