എൺപതു തികയുന്ന ഉമ്മൻചാണ്ടിയുടെ മനസു പൊള്ളുകയാണ്. മൂത്ത മകനായി മനോരമയിലെ സുജിത് നായർ പിറന്നില്ല എന്ന സങ്കടത്തിൽ. എല്ലാവർക്കും എല്ലാ സൗഭാഗ്യവും കിട്ടില്ല. അങ്ങനെ സമാധാനിക്കാം. അല്ലാതെന്തു ചെയ്യാനാണ്?

ഉമ്മൻചാണ്ടിയുടെ നേട്ടങ്ങളിൽ ഇത്രയ്ക്കു സന്തോഷിക്കുന്ന മറ്റൊരാളുണ്ടാകില്ല. ഓസിയുടെ വിഷമങ്ങളിൽ ഇത്ര മനസു പിടയുന്ന ആളും. തനിക്കു പിറക്കാതെ പോയ മകനെന്ന വാത്സല്യം പുതുപ്പള്ളിയിൽ. തനിക്കു ജന്മം തരാത്ത വല്യപ്പച്ചനെന്ന ആദരം പാമ്പാടിയിൽ.

ഇത്രയ്ക്കൊക്കെ വേണോ എന്നു സംശയമുള്ളവർക്ക് ഇന്നത്തെ മനോരമയുടെ എഡിറ്റ് പേജ് വായിക്കാം. ആരവമൊഴിയാത്ത ആൾബലമെന്ന തലക്കെട്ടിൽ സുജിത് നായർ അണ മുറിയാതെ പെയ്യുകയാണ്.

ലേഖനമങ്ങനെ രസിച്ചു വായിച്ചു വരുമ്പോൾ ഇതാ ചില വാചകങ്ങൾ…. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽകൂടി വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ചപ്പോൾ, നാലാം വർഷത്തിൽ നിയമസഭ പിരിച്ചുവിട്ട് വീണ്ടും ജനവിധി തേടണമെന്ന് ഉമ്മൻ ചാണ്ടിയെ ശക്തമായി ഉപദേശിച്ചവരുണ്ട്. അതു സ്വീകരിച്ചിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിൻ്റെ ഗതി മാറിയേനെ.

 

ഇതു നമ്മൾ വേറെ എവിടെയോ വായിച്ചിട്ടുണ്ടല്ലോ. ഇല്ലേ… ഓർത്തു നോക്കൂ…

2020 ഫെബ്രുവരി 13. ഇലക്ഷൻ മോഡിൽ കേരളം എന്ന തലക്കെട്ടിൽ ഇതേ സുജിത് നായരുടെ വിശകലനം. അക്കൊല്ലം ഒക്ടോബറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ നിയമസഭ പിരിച്ചുവിട്ട് പിണറായി വിജയൻ തെരഞ്ഞെടുപ്പിനിറങ്ങാൻ സാധ്യതയുണ്ടെന്നാണ് മേപ്പടിയാൻ സാഹസപ്പെട്ട് വ്യാഖ്യാനിച്ചത്. ആ ലേഖനത്തിലെ വാചകം നോക്കൂ.

അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തോടെ ആ പരീക്ഷണത്തിനു രണ്ടും കൽപിച്ചു തയാറാകണമെന്നു യുഡിഎഫ് സർക്കാരിനെ ഉപദേശിച്ചവരെ വകവയ്ക്കാത്തതിൻ്റെ കുറ്റബോധം, മുന്നണി നേതൃത്വത്തെ ഇന്നും വേട്ടയാടുന്നുണ്ട്.

അരുവിക്കര ഉപതിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ നിയമസഭ പിരിച്ചുവിട്ട് ഇലക്ഷൻ നടത്തണമെന്ന് ആരോ യുഡിഎഫിനെ ഉപദേശിച്ചത്രേ. നേതൃത്വം അതു കേട്ടില്ലത്രേ. ആ കുറ്റബോധം നേതൃത്വത്തെ വേട്ടയാടുന്നത്രേ. ആ ഉപദേശം സ്വീകരിച്ചിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറിയേനെ എന്നാണ് സുജിത് നായരുടെ ഇന്നത്തെ ഗദ്ഗദം.

വേറെങ്ങും നാമീ ഉപദേശത്തിൻ്റെ കാര്യം കേട്ടിട്ടില്ല. പക്ഷ, സുജിത് നായർ ഇതിപ്പോൾ രണ്ടാം തവണയാണ് ഈ ഉപദേശത്തിൻ്റെ കഥയുമായി വരുന്നത്. അതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഈ ഉപദേശത്തിൻ്റെ പിതാവ് അദ്ദേഹം തന്നെയാണ്. അരുവിക്കര ഉപതിരഞ്ഞെടുപ്പിനു ശേഷം നിയമസഭ പിരിച്ചുവിട്ട് രണ്ടും കൽപ്പിച്ചു തിരഞ്ഞെടുപ്പു നടത്താൻ ഇദ്ദേഹം യുഡിഎഫ് നേതാക്കളെ വീടുവീടാന്തരം കയറിയിറങ്ങി ഉപദേശിച്ചിരുന്നു. ആരുമത് മുഖവിലയ്ക്കെടുത്തില്ല.

അന്ന് ഉപതിരഞ്ഞെടുപ്പു നടന്നിരുന്നെങ്കിൽ ഉമ്മൻചാണ്ടിയ്ക്ക് തുടർഭരണം കിട്ടുമായിരുന്നു എന്ന് ഇദ്ദേഹം ആത്മാർത്ഥമായി ഇപ്പോഴും വിശ്വസിക്കുന്നു. അങ്ങനെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്നും.

ഇവിടെയാണ് മറ്റു സ്തുതിപാഠകരിൽ നിന്ന് സുജിത് നായർ വ്യത്യസ്തനാവുന്നത്. രണ്ടും കൽപ്പിച്ചു ചിലതു ചെയ്യാൻ എല്ലാ സ്തുതിപാഠകരും ഉപദേശിക്കാറില്ല. സ്വന്തം തടി കൂടി നോക്കിയിട്ടേ അവർ ഉപദേശങ്ങൾ നൽകാറുള്ളൂ.

അരുവിക്കര ഉപതിരഞ്ഞെടുപ്പു ജയിക്കുമ്പോൾ യുഡിഎഫിന് പിന്നെയും ഒരു വർഷം ബാക്കിയുണ്ട്. ഭരണത്തിന്റെ സൗഭാഗ്യങ്ങളും അധികാരത്തിന്റെ ലഹരിയും പിന്നെയും ഒരു കൊല്ലം കൂടി അനുഭവിക്കാനുള്ള സൗകര്യം. അതിട്ടെറിഞ്ഞ് രണ്ടും കൽപ്പിച്ചൊരു നീക്കത്തിന് മറ്റ് യുഡിഎഫ് നേതാക്കൾ സമ്മതം മൂളാത്തതിൽ അത്ഭുതമില്ല. വീണ്ടും വരുമെന്ന് എന്തുറപ്പ്? സ്വാഭാവികമായും സുജിത് നായരുടെ ഉപദേശം അവർ തള്ളി.

ഉമ്മൻചാണ്ടി സർക്കാരിന്റെ തുടർഭരണത്തിനുവേണ്ടി രണ്ടും കൽപ്പിച്ചൊരു നീക്കത്തിന് യുഡിഎഫ് നേതാക്കൾ സന്നദ്ധരായിരുന്നില്ല. എന്നാൽ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും നേതാക്കൾക്ക് ഉമ്മൻചാണ്ടിയോടുള്ളതിനെക്കാൾ സ്നേഹവും മമതയും സുജിത് നായർക്കുണ്ട്. മീനടം വഴി പോയാലും മണർക്കാട് വഴിയായാലും പുതുപ്പള്ളിയിൽ നിന്ന് പാമ്പാടിയിലേയ്ക്ക് പതിനഞ്ചു കിലോമീറ്റർ തികച്ചില്ല.

ഉമ്മൻചാണ്ടിയ്ക്ക് തുടർഭരണം കിട്ടാനുള്ള കുറുക്കുവഴികളെക്കുറിച്ച് അന്വേഷിക്കുക മാത്രമല്ല സുജിത് നായർ ചെയ്യുന്നത്. കേരളം സൃഷ്ടിച്ചത് സാക്ഷാൽ പരശുരാമനാണ് എന്ന ഐതീഹ്യവും അദ്ദേഹം താമസിയാതെ തിരുത്തും. പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി നാലുകോടാലികൾ നാലുദിശയിലേയ്ക്കെറിഞ്ഞുവെന്നും അവ ചെന്നു വീണ സ്ഥലമാണ് കേരളമായി ഉയർന്നു വന്നതെന്നും സുജിത് നായർ താമസം വിനാ സ്ഥാപിക്കും.

നിലവിൽ വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയുടെ പിതൃത്വം ഉമ്മൻചാണ്ടിയുടെ പിടലിയ്ക്ക് വെച്ചിട്ടുണ്ട്. അദ്ദേഹം ഇങ്ങനെ എഴുതുന്നു….

‘ആൾക്കൂട്ടത്തിലെ ആനുകൂല്യ വിതരണക്കാരൻ’ എന്നു പരിഹസിച്ചവർക്കും വിഴിഞ്ഞം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നീ എണ്ണംപറഞ്ഞ വികസന പദ്ധതികളുടെ ഉടയോനെ ചരിത്രത്തിൽനിന്നു മാറ്റി നിർത്താൻ കഴിയില്ല.

ഈ മൂന്നു പദ്ധതികളുടെയും ഉടയോനാണത്രേ ഉമ്മൻചാണ്ടി. വിഴിഞ്ഞം തുറമുഖം എന്ന ആശയത്തിന് സർ സിപി രാമസ്വാമി അയ്യരോളം പഴക്കമുണ്ട്. അതൊരു പദ്ധതിയെന്ന നിലയിൽ ജീവൻ വെച്ചത് 1991ൽ എം വി രാഘവൻ്റെ കാലത്താണ്. അതിനെ അദാനിയുടെ തൊഴുത്തിൽക്കൊണ്ട് കെട്ടിയത് ഉമ്മൻചാണ്ടിയും.

കൊച്ചി മെട്രോയുടെ സ്ഥിതിയും മറ്റൊന്നല്ല. ഈ മനോരമ വാർത്ത നോക്കൂ.

കൊച്ചി മെട്രോയുടെ സാധ്യതാ പഠനം കേന്ദ്രസർക്കാർ സ്ഥാപനമായ റൈറ്റ്സിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത് 1999 ജൂലൈ 21ന് ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം. ഉമ്മൻചാണ്ടി കേരള മുഖ്യമന്ത്രിയാകുന്നത് 2004ൽ.

അടുത്തത് കണ്ണൂർ വിമാനത്താവളം. ആശയം പ്രഖ്യാപിച്ചത് 1996 ജനുവരിയിൽ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി എം ഇബ്രാഹിം. സാധ്യതാപഠനത്തിന് കേന്ദ്രസംഘം കണ്ണൂരിലെത്തിയത് 1997ൽ. 1998ൽ പ്രാരംഭ നടപടികൾ തുടങ്ങി.

ഈ മൂന്നു പദ്ധതികളുടെയും ആശയം ഉമ്മൻചാണ്ടിയുടേതല്ല. തുടങ്ങിവെച്ചതും അദ്ദേഹമല്ല. സർക്കാരുകളുടെ തുടർച്ചയിൽ അദ്ദേഹത്തിൻ്റെ ഭരണകാലത്ത് ചില കാര്യങ്ങൾ നടന്നിട്ടുണ്ട് എന്നത് നേര്. അതുകൊണ്ട് അദ്ദേഹമെങ്ങനെ പദ്ധതികളുടെ ഉടയോനാകും?

മുടങ്ങിക്കിടന്ന പദ്ധതികൾക്ക് ജീവൻ നൽകുന്നതിൽ കേമനായ ഭരണാധികാരി എന്ന കീർത്തിയും ഉമ്മൻചാണ്ടിയ്ക്കില്ല. ദേശീയപാതാ വികസനവും ഗെയിൽ പൈപ്പ് ലൈനും കൊച്ചി ഇടമൺ പവർ ഹൈവേയുമൊക്കെ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് സ്തംഭനത്തിലായ പദ്ധതികളാണ്. ഇതെല്ലാം ഇപ്പോൾ പൂർത്തീകരണത്തിൻ്റെ ഘട്ടത്തിലാണ്. ഈ പദ്ധതികളുടെ ഉടയോൻ ഉമ്മൻചാണ്ടിയാണ് എന്നു വാഴ്ത്താൻ സാക്ഷാൽ സുജിത് നായർക്കുമില്ല ചങ്കൂറ്റം.

കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവുമൊക്കെ ഉമ്മൻചാണ്ടിയുടെ പേരിൽ ഓർമ്മിക്കപ്പെടില്ലേ. തീർച്ചയായും ഓർമ്മിക്കപ്പെടും. എങ്ങനെ… ഉദ്ഘാടനത്തട്ടിപ്പുകളുടെ പേരിൽ.

ലോകത്ത് എല്ലാ പദ്ധതികളും പൂർത്തീകരിച്ച ശേഷമാണ് ഉദ്ഘാടനം ചെയ്യപ്പെടുക. എന്നാൽ 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി മെട്രോയുടെ രണ്ടു കിലോമീറ്റര്‍ പണി കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നടത്തി. കണ്ണൂര്‍ വിമാനത്താവളം പകുതിപോലും പൂര്‍ത്തിയാവാതെ നാവികസേനയുടെ ഒരു വിമാനം കൊണ്ടു വന്ന് ഉദ്ഘാടനം നടത്തിച്ചു. ഒരു വിമാനംപോലും അദ്ദേഹത്തിൻ്റെ കാലത്ത് പിന്നീട് ഇറങ്ങിയതുമില്ല.

ഇമ്മാതിരി തട്ടിപ്പുകളുടെയും തരികിടകളുടെയും ഉടയോൻ ഉമ്മൻചാണ്ടി തന്നെയാണ്. ലോകത്താർക്കും അവകാശപ്പെടാനാവാത്ത നേട്ടം. സുജിത് നായരുടെ വിശകലന സാഹിത്യത്തിൽ സ്തുതിയുടെ പാട നീക്കിയാൽ അവശേഷിക്കുന്നത് ഈ യാഥാർത്ഥ്യമാണ്.

Leave A Reply

Exit mobile version