ആലപ്പുഴ ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ പോലീസ് പിടിയിൽ. സജീവ ആർഎസ്എസ് പ്രവർത്തകരായ തുഷാർ, അഖിൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
ഡിവൈഎഫ്ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഈരേഴ തെക്ക് മനമേൽ കുറ്റിയിൽ ഗോകുൽ കൃഷ്ണനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശനി വൈകീട്ട് ആറുമണിക്ക് ഈരേഴ തെക്ക് ഗേറ്റ് ജംഗ്ഷനിലാണ് സംഭവം. കാറ്ററിങ് ജോലിക്കാരനായ ഗോകുൽ ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിൽ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം കാർ തടഞ്ഞു നിർത്തി ഗോകുലിനെ ആക്രമിക്കുകയായിരുന്നു. സംഭവ സമയം ഗോകുലിനൊപ്പം വനിതാ ജീവനക്കാരുമുണ്ടായിരുന്നു.
കൊല്ലുമെന്ന് ഭീഷണി പെടുത്തിയ ശേഷം ആക്രമി സംഘം ഗോകുലിൻ്റെ കഴുത്തിന് നേരെ കത്തി കുത്തുകയായിരുന്നു. എന്നാൽ ഗോകുൽ കൈകൊണ്ട് തടഞ്ഞു. ഇതോടെ ഗോകുലിൻ്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ആർഎസ്എസ് സംഘം ഗോകുലിൻ്റെ തലയ്ക്കും കണ്ണിനും നേരെ അടിക്കുകയും ചെയ്തു. വനിതാ ജീവനക്കാരി നിലവിളിച്ചതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം പിടിക്കപെടാതിരിക്കാൻ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ സംഘത്തെ ശനിയാഴ്ച രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു.