ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി അനൂപിന് നേരെ ആർഎസ്എസ് ആക്രമണം. മണ്ഡേശ്വരത്തു വച്ചായിരുന്നു ആക്രമണം. ആക്രമിക്കപ്പെട്ട വി അനൂപ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. ആക്രമണത്തിൽ അനൂപിനൊപ്പം നിരവധി ഡിവൈഎഫ്ഐ നേതാക്കൾക്ക് സാരമായി പരിക്കേറ്റു.
ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് സെക്രട്ടറി അഡ്വ. അമൽ ആർ, പേരൂർക്കട ബ്ലോക്ക് പ്രസിഡന്റ് എ നിഖിൽ, പേരൂർക്കട ബ്ലോക്ക് വൈസ് പ്രസിഡന്റ് അർജ്ജുൻ രാജ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കാർത്തിക്, നിതിൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ ഗോകുൽ, ഹരി എന്നിവരാണ് ആക്രമണത്തിൽ പരിക്കേറ്റ മറ്റു ഡിവൈഎഫ്ഐ നേതാക്കൾ.
ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആർഎസ്എസ് നടത്തിയ ആക്രമണം സമാധന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് സിപിഎമ്മിനെതിരെ ആർഎസ്എസ് – ബിജെപി സംഘം ആക്രമണം നടത്തുന്നുണ്ട്.
ഓഗസ്റ്റ് 26 ന് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവും സിപിഐഎം കൗൺസിലറുമായ ഗായത്രി ബാബുവിനെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. ഓഗസ്റ്റ് 27 ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയും ഓഗസ്റ്റ് 28 ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെയും ബിജെപി ആക്രമണം നടത്തി. അതിനുപിന്നാലെയാണ് ഡിഎഫ്ഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ ആക്രമിക്കപ്പെട്ടത്.