കണ്ണൂർ: പി കെ ഇന്ദിരയ്‌ക്ക്‌ എതിരായി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന്‌ മലയാള മനോരമക്ക് കനത്ത തിരിച്ചടി. പി കെ ഇന്ദിരയ്‌ക്ക്‌ പത്ത്‌ ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ കണ്ണൂർ സബ്‌കോടതി ഉത്തരവിട്ടു. നഷ്‌ടപരിഹാരത്തുക ആറ്‌ ശതമാനം പലിശയും കോടതിച്ചെലവും സഹിതം നൽകണമെണും കണ്ണൂർ സബ്‌കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ആവശ്യപ്പെട്ടു.

ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച്‌ എത്തി ലോക്കർ തുറന്നു’ എന്ന തലക്കെട്ടിൽ 2020 സപ്‌തംബർ 14 ന്‌ മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണ്‌ കേസിന്‌ ആധാരം. ‘ലൈഫ്‌ മിഷൻ കമ്മീഷൻ കിട്ടിയത്‌ മന്ത്രി പുത്രനും’ എന്ന തലക്കെട്ടിൽ സപ്‌തംബർ 13ന്‌ മനോരമ മറ്റൊരു വാർത്ത നൽകിയിരുന്നു. ഈ വാർത്ത വന്നതിനെ തുടർന്ന്‌ മന്ത്രിയുടെ ഭാര്യ ഇന്ദിര കേരള ബാങ്ക്‌ കണ്ണൂർ ബ്രാഞ്ചിലെത്തി ലോക്കർ ഇടപാട്‌ നടത്തിയത്‌ ഇ ഡി അന്വേഷിക്കുന്നു എന്നായിരുന്നു 14ന്‌ നൽകിയ വാർത്ത.

ലോക്കറിൽ നിന്നും പേരക്കുട്ടിയുടെ സ്വർണം ജന്മദിനാവശ്യത്തിന്‌ എടുക്കാനായിരുന്നു ഇന്ദിര ബാങ്കിലെത്തിയത്‌. ഇതിനെ നയതന്ത്ര ബാഗേജുവഴിയുള്ള സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത നൽകുകയായിരുന്നു. ആദ്യ വാർത്തയിൽ മന്ത്രിയുടെ പേര്‌ പരാമർശിച്ചിരുന്നില്ല. എന്നാൽ ആദ്യ വാർത്തയുടെ തുടർച്ചയെന്ന നിലയിൽ ദുസ്സൂചനയുമായി രണ്ടാമത്തെ വാർത്ത നൽകുകയും ഇ പിയുടേയും ഭാര്യയുടേയും പേര്‌ പരാമർശിക്കുകയുമായിരുന്നു.

സ്വർണ്ണക്കള്ളക്കടത്തിന്റെ പേരിൽ സംസ്ഥാന സർക്കാറിനേയും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സിപിഐ എം നേതാക്കളേയുമെല്ലാം കരിവാരിത്തേക്കാൻ തുടർച്ചയായി മനോരമ തുടർച്ചയായി നൽകിയ വ്യാജ വാർത്തകളിലൊന്നാണിത്‌. മലയാള മനോരമ പ്രിന്റർ ആൻഡ്‌ പബ്ലിഷർ ജേക്കബ്‌ മാത്യു, എഡിറ്റോറിയൽ ഡയറക്‌ടർ മാത്യൂസ്‌ വർഗീസ്‌, ചീഫ്‌ എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റർ ഫിലിപ്പ്‌ മാത്യു, റിപ്പോർട്ടർ കെ പി സഫീന എന്നിവരാണ്‌ എതിർകക്ഷികൾ. അഭിഭാഷകരായ പി യു ശൈലജൻ, എം രാജഗോപാലൻ നായർഎന്നിവർ ഇന്ദിരയ്‌ക്ക്‌ വേണ്ടി ഹാജരായി.

Leave A Reply

Exit mobile version