തിരുവനന്തപുരം: എൻഎച്ച്‌എം, ആശ പ്രവർത്തരുടെ ശമ്പളവും ഹോണറേറിയവും വിതരണം ചെയ്യാൻ 40 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ അടുത്ത വർഷത്തേയ്‌ക്കുള്ള വകയിരുത്തലിൽനിന്നാണ്‌ മുൻകൂറായി തുക അനുവദിച്ചത്‌.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കെല്ലാം മുൻകൂർ സമ്മതിച്ച തുകപോലും പിടിച്ചുവയ്‌ക്കുന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. എൻഎച്ച്‌എമ്മിന്‌ അനുവദിക്കേണ്ട തുക ബ്രാൻഡിങ്ങിന്റെയും മറ്റും പേരിൽ തടയുന്നു. കേരളത്തിൽ എൻഎച്ച്‌എം പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുകയും നാലുമാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്‌. ഇതുമൂലം എൻഎച്ച്‌എം ജീവനക്കാർക്കും ആശ വർക്കർമാർക്കും ശമ്പളവും പ്രതിഫലവും കുടിശികയായി. ഈ സാഹചര്യത്തിലാണ്‌ അടുത്ത വർഷത്തെ സംസ്ഥാന വിഹിതത്തിൽ നിന്ന്‌ അടിയന്തിരമായി തുക അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌.

അതേസമയം വിവിധ വിഭാഗങ്ങൾക്കായി 2022–-23 വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുകകൾ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവച്ച്‌ ഉത്തരവിറക്കിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പട്ടികജാതി പട്ടികവർഗ്ഗ, മറ്റ്‌ പിന്നാക്ക, ന്യൂനപക്ഷ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങീ വിഭാഗങ്ങളിലെ കുട്ടികളുടെ 2021-–-22, 2022-–-23 വർഷങ്ങളിലെ സ്കോളർഷിപ്പ് തുകകളാണ്‌ പൂർണമായും വിതരണം ചെയ്യാൻ തീരുമാനിച്ചത്‌.

Leave A Reply

Exit mobile version