എം രഘുനാഥ് എഴുതുന്നു

കേരളത്തിലെ ക്യാംപസുകളിൽ നിന്നും വിദ്യാർഥി മനസ്സുകളിൽ നിന്നും എസ്എഫ്ഐയെ ഇല്ലാതാക്കിക്കളയാമെന്ന വ്യാമോഹവുമായി വീണ്ടും മാധ്യമങ്ങൾ സടകുടഞ്ഞെണീറ്റിരിക്കുകയാണ്. ഇതിനെയങ്ങ് തീർത്തേ ഇനി വിശ്രമിക്കൂ എന്ന നിലയിൽ ചുകപ്പ് കണ്ട മുട്ടൻ കാളകളെ പോലെ ഇറങ്ങിയിരിക്കുകയാണ് ഇക്കൂട്ടർ. വെറുതെയാണീ മോഹമെന്ന് അറിയാത്തവരല്ല ഇവർ. പക്ഷെ അമാവാസി നാളടുക്കുമ്പോൾ പരവേശം കാട്ടുന്ന ആ നാൽക്കാലി വർഗത്തെപ്പോലെയാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഈ പരവേശം.

പുതിയ വിഷയമെന്താണ്? പൂക്കോട് വെറ്ററിനറി കോളേജിൽ ഒരു വിദ്യാർഥി ആത്മഹത്യ ചെയ്തിരിക്കുന്നു. സഹ വിദ്യാർഥികളുടെ ക്രൂരമായ പീഡനമാണത്രെ അത്യന്തം ദൗർഭാഗ്യകരമായ ഈ സംഭവത്തിന് കാരണം. 18 പേരാണ് ഇതിൽ പ്രതികളായിട്ടുള്ളത്.
അതിൽ 4 പേർ മാത്രമാണ് എസ്എഫ്ഐ ബഡമുള്ളവർ. അവശേഷിക്കുന്ന 14 പേരുടെ രാഷ്ട്രീയം ആർക്കും അറിയേണ്ടതില്ല. ഒന്നാം പ്രതിയുടെ രാഷ്ട്രീയം പോലും ചർച്ചയാക്കുന്നില്ല. മറ്റു പ്രതികളുടെ മാതാപിതാക്കളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയേണ്ട. എന്നാൽ ആ കോളേജ് യൂണിയൻ ഭരിക്കുന്നത് എസ് എഫ് ഐ ആണെന്ന ഒറ്റക്കാരണം മുതലെടുപ്പിനുള്ള ആയുധമാക്കുന്നു. 18 ൽ 14 പേരുടെ രാഷ്ട്രീയവും കുടുംബ പശ്ചാത്തലവും ഒരിക്കൽ പോലും ചർച്ച ചെയ്യാതെ നാല് എസ് എഫ്ഐക്കാരുടെ പേരിൽ അട്ടഹാസം മുഴക്കുന്നു. ഇത്‌ ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ മസാലക്കഥകൾ എരിവും പുളിയും ചേർത്ത്‌ അവതരിപ്പിച്ച്‌ ആനന്ദ നിർവൃതി അടയുകയാണ്‌ പതിവ്‌.

ചാപ്പ കുത്തലും നാദാപുരത്തെ ബലാൽസംഗവും

ഓർമ്മയില്ലേ ആ ചാപ്പ കുത്തൽ? ഒരു കെഎസ്‌യുക്കാരന്റെ ദേഹത്ത്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വെച്ച്‌ എസ്‌എഫ്‌ഐക്കാർ എസ്‌എഫ്‌ഐ എന്ന്‌ ചാപ്പ കുത്തിയ ആ തിരക്കഥ. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു. മാസങ്ങൾ കഴിഞ്ഞു. ചാപ്പകുത്തപ്പെട്ട ആ കെഎസ്‌യുക്കാരൻ കാര്യം തുറന്നു പറഞ്ഞു. എംഎൽഎ ഹോസ്‌റ്റലിൽ കോൺഗ്രസ്‌ നേതാവിന്റെ മുറിയിൽ വെച്ച്‌ മദ്യം നൽകി മയക്കി കെഎസ്‌യുക്കാർ തന്നെ ചെയ്‌തതാണ്‌ എന്ന്‌.

മറ്റൊരു സംഭവം തലസ്ഥാനത്ത്‌ തന്നെ നടന്നത്‌ ഓർമ്മയില്ലേ. തിരുവനന്തപുരം സെൻട്രൽ പോളി ടെക്‌നിക്കിലെ അധ്യാപികയുടെ ദേഹത്ത്‌ എസ്‌എഫ്‌ഐക്കാർ മഷി ഒഴിച്ചുവെന്ന കഥ. ആ അധ്യാപിക മാസങ്ങൾക്ക്‌ ശേഷം അറസ്‌റ്റിലായി. കോടതി ശിക്ഷിച്ചു. എന്തിനായിരുന്നു. അതേ കോളേജിൽ പാർട്‌ടൈം പഠിക്കുന്ന ഒരു സർക്കാർ ജീവനക്കാരൻ ആത്‌മഹത്യ ചെയ്‌തതിന്‌. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും പരീക്ഷ എഴുതാൻ അനുവദിക്കാത്തതിന്റെ പേരിൽ ആ ടീച്ചറുടെ പേര്‌ എഴുതിവെച്ചാണ്‌ ആ യുവാവ്‌ ആത്‌മഹത്യ ചെയ്‌തത്‌. മഷി ഒഴുക്കൽ വാർത്ത മലയാള മനോരമ വിഷമഷി ഒഴുക്കി ആഘോഷിച്ചപ്പോൾ ഈ ആത്‌മഹത്യയെ കുറിച്ചും അധ്യാപികയുടെ പീഢനത്തെകുറിച്ചും മൗനം പാലിച്ചു.
തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ സൃഷ്‌ടിക്കുന്ന ഇത്തരം അനേകം കഥകളിൽ മറ്റൊന്നാണല്ലോ നാദാപുരത്തെ വീട്ടമ്മയുടെ ബലാൽസംഗക്കഥ. സാക്ഷാൽ സോണിയാ ഗാന്ധിയെ വരെ വരുത്തി കദന കഥകൾ രചിച്ചു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടനെ ഈന്തുള്ളതിൽ ബിനു എന്ന ഒരു ചെറുപ്പക്കാരനെ ഇല്ലാതാക്കി. ഒടുവിലെന്തായി? ആ സ്‌ത്രീ ഏറ്റു പറഞ്ഞു. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. യുഡിഎഫും മനോരമാദികളും വർണ്ണത്തിൽ ചാലിച്ച്‌ സൃഷ്‌ടിച്ച കഥയായിരുന്നു അതെന്ന്‌.

അഷ്റഫ് മുതൽ ധീരജ് വരെ; ആരാണ് കൊലയാളികൾ

1970ൽ എസ്‌എഫ്‌ഐ രൂപീകരണത്തിന്‌ ശേഷം നാളിത്‌ വരെ 35 എസ്‌എഫ്‌ഐ പ്രവർത്തകരെയാണ്‌ കേരളത്തിൽ എതിർ വിദ്യാർഥി സംഘടനകൾ കൊന്നൊടുക്കിയത്‌. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ അഷ്‌റഫ്‌ തൊട്ട്‌ ഏറ്റവും ഒടുവിൽ ഇടുക്കി പൈനാവ്‌ ഗവ. എഞ്ചിനിയറിംഗ്‌ കോളേജിലെ ധീരജ്‌ രാജേന്ദ്രൻ വരെ 35 ഉശിരൻമാരായ വിദ്യാർഥികൾ. എന്നാൽ ഈ 54 വർഷത്തിനിടയിൽ എതിർ വിദ്യാർഥി സംഘടനയിൽ പ്പെട്ട ഒരാളെയെങ്കിലും എസ്‌എഫ്‌ഐ പ്രവർത്തകർ ഇല്ലാതാക്കിയെന്ന്‌ പറയാൻ കഴിയുമോ? കെപിസിസി പ്രസിഡന്റ്‌ സാക്ഷാൽ കെ സുധാകരനെ എസ്‌എഫ്‌ഐ നേതാക്കൾ വെല്ലുവിളിച്ചല്ലോ? ഒരു കെഎസ്‌യുക്കാരനെയെങ്കിലും SFI പ്രവർത്തകർ ആക്രമിച്ച്‌ കൊന്നുവെന്ന്‌ പറയാൻ? സുധാകരന്‌ മാത്രമല്ല, ഏതെങ്കിലും കെഎസ്‌യുക്കാരനെങ്കിലും ഉത്തരം ഉണ്ടായൊ? എന്തിന്‌. അവരുടെ സ്വന്തം പത്രമായ മനോരമയ്‌ക്ക്‌ മറുപടി ഉണ്ടായോ. അവർക്ക് കൊല്ലപ്പെട്ട ഒരു കെ എസ് യുക്കാരനെ കുറിച്ച് പറയാനുണ്ടാകും. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിലെ സ്റ്റുഡൻ്റ് എഡിറ്റർ ആയിരുന്ന കെ എസ് യു നേതാവ് ബഷീറിൻ്റെ കൊലപാതകമാണത്. കൊന്നത് കെ എസ് യു ക്കാരാണ്. വിറക് കൊള്ളികൊണ്ട് അടിച്ചു കൊന്നതാണ്. പ്രതികളായ കെ എസ് യു ക്കാരെ ശിക്ഷിച്ചു. ഫണ്ട് വെട്ടിച്ചത് ചോദ്യം ചെയ്തതാണ് പകയ്ക്ക് കാരണം.

എന്നിട്ടപ്പോൾ ക്യാമ്പസുകളിൽ പ്രതിജ്‌ഞയെടുക്കാൻ മനോരമ ആഹ്വാനം ചെയ്‌തിരിക്കുന്നു. മുത്തശ്ശിയുടെ ഈ ആഹ്വാനം കേരളത്തിലെ കെഎസ്‌യുക്കാരോടും എബിവിപിക്കാരോടും മതി. വിദ്യാർഥി സമൂഹത്തെ മൊത്തമായി തങ്ങളുടെ വാലാട്ടികളായി കാണരുത്‌. അങ്ങനെ കേരളത്തിലെ വിദ്യാർഥി സമൂഹം ഇവരുടെ താളത്തിന് തുള്ളിയിരുന്നെങ്കിൽ ഈ പത്രം ഒഴുക്കിയ വിഷക്കടലിൽ എന്നേ എസ്‌എഫ്‌ഐ ഒലിച്ചു പോകേണ്ടതായിരുന്നു. ഒലിച്ചുപോയൊ? ഇല്ല എന്ന്‌ മാത്രമല്ല, കേരളത്തിലെ ഏറ്റവും ശക്തമായ വിദ്യാർഥി പ്രസ്ഥാനമായി തലയുയർത്തി നിൽക്കുന്നു.

എരിവു പകരാൻ മനോരമാദികളടെ കൊയിലാണ്ടിക്കഥയും

പൂക്കോട്ടെ സംഭവത്തിന്‌ എരിവ്‌ പകരാൻ ഒരു കൊയിലാണ്ടിക്കഥ കൂടി മുത്തശ്ശി രചിച്ചിട്ടുണ്ട്‌. റാഗീംഗ്‌ വീരനായ ഒരു വിദ്യാർഥിയെ റാഗിംഗിനിരയായ വിദ്യാർഥികൾ അവിടെ കൈകാര്യം ചെയ്‌തതാണ്‌. ആ റാംഗിംഗ്‌ വീരനെതിരെ നേരത്തെ തന്നെ റാഗ്‌ ചെയ്‌തതിന്‌ കേസുണ്ട്‌. . പക്ഷെ, റാഗിംഗ്‌ കേസിൽ നിന്നും തടിയൂരാൻ പൂക്കോട്‌ സംഭവത്തെ മുന്നിൽ നിർത്തി കഥയുണ്ടാക്കുന്നു. പരാതി നൽകുന്നു.

പൂക്കോട്‌ സംഭവത്തിലേക്ക്‌ തിരിച്ചുവരാം. അവിടെ ദൗർഭാഗ്യകരമായ ഈ സംഭവങ്ങളിൽ പങ്കുണ്ടെന്ന്‌ സംശയിച്ച്‌ കേസിൽ ഉൾപ്പെട്ട നാല്‌ പേരെ എസ്‌എഫ്‌ഐ പുറത്താക്കിയിരിക്കുന്നു. എന്നാൽ ഏറ്റവും ഒടുവിൽ ഇടുക്കി എഞ്ചിനിയറിംഗ്‌ കോളേജിൽ ധീരജ്‌ രാജേന്ദ്രൻ എന്ന സമർഥനായ വിദ്യാർഥിയെ നിഷ്ഠൂരമായി കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായ ആ യൂത്ത്‌ കോൺഗ്രസുകാരന്റെ പേരിൽ കോൺഗ്രസ്‌ എന്ത്‌ നടപടി എടുത്തു? നടപടി എടുത്തില്ല എന്ന്‌ മാത്രമല്ല, നിഖിൽ പൈലി എന്ന ക്രിമിനലിന്‌ സംഘടനയിൽ പ്രമോഷൻ നൽകി, സംസ്ഥാന നേതാവ്‌ വരെയാക്കി. ആ കൊലപാതകത്തെ കുറിച്ച്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞത്‌ ഇരന്ന്‌ വാങ്ങിയ മരണം എന്നല്ലേ. ഇത്തരം അക്രമം നടത്തുന്നവർക്ക്‌ കേസിൽ നിന്നും രക്ഷപ്പെടാൻ നിയമ സഹായവും മറ്റു സഹായങ്ങളും നൽകുമെന്ന്‌ പറഞ്ഞതും ഈ നേതാവല്ലെ. അപ്പോഴൊക്കെ മനോരമ പ്രതിജ്‌ഞയെടുത്തോ? മുഖപ്രസംഗം എഴുതിയോ? കെഎസ്‌യു നിലവാരത്തിൽ പുലമ്പുന്ന വിമതൻ എന്ന അപരനാമക്കാരൻ എവിടെയായിരുന്നു. ഇതെല്ലാം മൂടി വെച്ച്‌ എസ്‌എഫ്‌ഐക്കും സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ തിരിയുന്ന ഈ മാധ്യമങ്ങൾ ഒറ്റകാര്യം ഓർത്താൽ മതി. അങ്ങനെ നിങ്ങളെല്ലാം ചേർന്ന്‌ തുമ്മിയാൽ തെറിക്കുന്നതല്ല, ഈ മുക്ക്‌.

Leave A Reply

Exit mobile version