ഡൽഹി: എൻഡിഎയിൽ ചേർന്ന് മാസങ്ങൾക്ക് ശേഷം എൻ.സി.പി നേതാവ് പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. വേണ്ടത്ര തയ്യാറെടുപ്പുകൾ കൂടാതെ 15 ആഡംബര വിമാനം എയർഇന്ത്യ പാട്ടത്തിന്‌ എടുത്തതിനാൽ 2007–- 2009 കാലത്ത്‌ 840 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു കേസ്‌. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന്‌ 2017ലാണ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തത്‌. മന്ത്രിയായിരുന്ന പ്രഫുൽ പട്ടേലിനു പുറമെ വ്യോമയാന മന്ത്രാലയത്തിലെയും എയർഇന്ത്യയിലെയും ഉദ്യോഗസ്ഥരായിരുന്നു പ്രതികൾ. എട്ടു മാസത്തിനു മുൻപാണ് പട്ടേൽ എൻഡിഎ സഖ്യത്തിലുള്ള എൻസിപി അജിത് പവാർ വിഭാഗത്തിൽ ചേർന്നത്.

എയർ ഇന്ത്യ വിമാനങ്ങൾ പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ 2017 മെയിൽ സുപ്രിംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടെയും ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഏഴ് വർഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുൽ പട്ടേലിനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും ക്ലീൻ ചിറ്റ് നൽകിക്കൊണ്ടാണ് ഇപ്പോൾ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. വലിയ തോതിലുള്ള വിമാനം ഏറ്റെടുക്കലും വിദേശ വിമാനങ്ങൾ അടക്കം നിരവധി വിമാനങ്ങൾ വലിയ നഷ്ടത്തിൽ ഓടുന്നതും കാരണമാണ് എയർ ഇന്ത്യക്ക് വേണ്ടി വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും എൻഎൽഐഎലും ചേർന്ന് വിമാനങ്ങൾ പാട്ടത്തിനെടുത്തതെന്ന് എഫ്ഐആറിൽ സിബിഐ സൂചിപ്പിച്ചിരുന്നു.

Leave A Reply

Exit mobile version