ന്യൂഡൽഹി: സാബു ജേക്കബ് ഇലക്‌ടറൽ ബോണ്ടുകളിലൂടെ മുടക്കിയത്‌ 25 കോടി രൂപയെന്ന് സ്ഥിരീകരിച്ചു. തെലങ്കാനയിൽ വ്യവസായം തുടങ്ങാനാണ് കിറ്റെക്സ് സാബു ഈ തുക മുടക്കിയത്. ബോണ്ട്‌ സീരിയൽ നമ്പറുകൾ തെരഞ്ഞെടുപ്പ്‌ കമീഷൻ പുറത്തുവിട്ടതോടെയാണ്‌ ഇത്‌ വ്യക്തമായത്‌. തെലങ്കാനയിൽ ഭരണകക്ഷിയായിരുന്ന കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത്‌ രാഷ്ട്ര സമിതിക്കാണ്‌ രണ്ട്‌ ഘട്ടങ്ങളിലായി 25 കോടി രൂപ ഇലക്‌ടറൽ ബോണ്ട്‌ രൂപത്തിൽ കൈമാറിയത്‌.

തൊഴിൽചട്ട ലംഘനങ്ങളുടെ പേരിൽ കേരളത്തിൽ നിയമനടപടികൾ നേരിട്ട ഘട്ടത്തിലാണ്‌ 2021 ൽ തെലങ്കാനയിലേക്ക്‌ ചുവടുമാറാൻ സാബു പദ്ധതിയിട്ടത്‌. തെലങ്കാന സർക്കാരുമായി രണ്ടുവർഷത്തോളം നീണ്ട ചർച്ചകൾക്ക്‌ ശേഷം 2023 ൽ വാറങ്കലിൽ ആദ്യ യൂണിറ്റിന്‌ ധാരണയായി. ഇതിന്‌ പിന്നാലെയാണ്‌ ആദ്യ ഗഡുവായി 15 കോടി രൂപ ഇലക്‌ടറൽ ബോണ്ട്‌ രൂപത്തിൽ ബിആർഎസിന്‌ കൈമാറിയത്‌. ഒസി സീരിയൽ നമ്പറിലുള്ള ഒരു കോടിയുടെ 15 ബോണ്ടുകൾ 2023 ജൂലൈ അഞ്ചിന്‌ കിറ്റെക്‌സ്‌ സാബു വാങ്ങി. ജൂലൈ 17 ന്‌ 15 കോടി രൂപ കിറ്റെക്‌സ്‌ ഗ്രൂപ്പിന്റേതായി ബിആർഎസ്‌ അക്കൗണ്ടിലെത്തി.

രണ്ടാം ഗഡുവായി 10 കോടി രൂപ കൂടി നൽകി. 2023 ഒക്‌ടോബർ 12 നാണ്‌ ഒരു കോടിയുടെ 10 ബോണ്ടുകൾ കിറ്റെക്‌സ്‌ സാബു വാങ്ങിയത്‌. ഒസി സീരിയലിലുള്ള ഈ ബോണ്ടുകൾ ഒക്‌ടോബർ 16 ന്‌ ബിആർഎസ്‌ പണമാക്കി മാറ്റി.

Leave A Reply

Exit mobile version