അറ്റൻഷൻ, ഫ്രീഡം മിഡ്നൈറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ തീയേറ്റർ റിലീസിന് ശേഷം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്നത്. പ്രണയവും, വിശ്വാസ വഞ്ചനയും, പ്രതികാരത്തിലൂടെയുമാണ് രേഖ കടന്നുപോകുന്നത്. വലിയ താരനിരകളും ഒച്ചപ്പാടും ബഹളവും ഒന്നും തന്നെ ചിത്രത്തിന് അവകാശപ്പെടാനില്ലെങ്കിലും പ്രേക്ഷകരെ മുഴുനീളെ മുൾമുനയിൽ നിർത്തി കൊണ്ടുപോകുന്നതിൽ രേഖ വിജയിച്ചിട്ടുണ്ട്.

നടി വിൻസി അലോഷ്യസ് ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഇൻസ്റ്റഗ്രാം റീൽസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കയറി വന്ന ഉണ്ണി ലാലുവാണ് രേഖയിലെ മറ്റൊരു കഥാപാത്രം. നിരവധി പുതുമുഖങ്ങളും ഭാഗമായ ചിത്രം കാസർകോട് ഭാഷയിൽ അവതരിപ്പിച്ച് വേറിട്ട് നിന്നു. ജിതിൻ ഐസക് തോമസ് തന്നെയാണ് തിരക്കഥയും. രേഖയുടെ തിരക്കഥ തന്നെയാണ് ചിത്രത്തിൻ്റെ കാതൽ. പ്രണയത്തിനും പ്രതികാരത്തിനും ഒരുപോലെ രേഖ പ്രാധാന്യം നൽകുന്നു. പ്രണയം നടിച്ചുള്ള പീഡനമെന്ന് പറഞ്ഞെത്തുന്ന പരാതികളിൽ പെൺവിഭാഗത്തെ പഴിക്കുന്ന സമൂഹത്തിൻ്റെ ചിന്താഗതിക്കുള്ള മറുപടിയെന്ന തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഇനി ചിത്രത്തിലേയ്ക്ക് വരാം, കാസർകോടുള്ള കൊച്ചുഗ്രാമത്തിൽ പണി പാതിയാക്കിയൊരു വീട്. അവിടെ അച്ഛനും അമ്മയും മകളും. രാവിലെ എഴുന്നേൽക്കണം, പണിയെടുക്കണം എന്നൊക്കെ ഉപദേശങ്ങൾ അമ്മ ചൊരിയുന്നുവെങ്കിലും തൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം നടക്കുന്ന മകൾ. ഉച്ചയോടെ എഴുന്നേറ്റ് ഫോണിൽ ചാറ്റ് ചെയ്തും ഫോൺ വിളിച്ചും ദിവസം തള്ളി നീക്കുകയാണ് മകൾ. സമീപത്തെ പലചരക്ക് കടയിലെ പയ്യനുമായി ആരുമറിയാതെ ഒരു പ്രണയം.

രാത്രിയെ ചാറ്റും ഫോൺവിളിയും പ്രണയത്തിൻ്റെ തീവ്രതയിലേയ്ക്ക് ഇരുവരെയും തള്ളിവിടുന്നു. ഒറ്റ രാത്രിയിൽ നടക്കുന്ന മുഹൂർത്തങ്ങൾ കഥയുടെ ഗതിയെ മാറ്റി മറിക്കുന്നു. ആവശ്യങ്ങൾ നിറവേറ്റി നാട് കടക്കുന്ന അർജുനെ തേടിയുള്ള രേഖയുടെ സഞ്ചാരം പ്രേക്ഷകരിൽ ഉദ്വേഗജനകമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നു. രേഖ എന്ന കഥാപാത്രത്തിലൂടെ കടന്നുപോകുന്ന ഭാവങ്ങൾ വിൻസി അലോഷ്യസ് എന്ന നടിയുടെ കൈകളിൽ ഭദ്രമായിരുന്നു.

പ്രണയിച്ച് വഞ്ചിച്ച് കടന്നുകളഞ്ഞാൽ വീട്ടിലെ അടുക്കളയിൽ പച്ചക്കറി അരിഞ്ഞ് ഇരിക്കുമെന്നാണ് നീ വിചാരിച്ചത് എന്ന അർജുനോടുള്ള രേഖയുടെ ചോദ്യത്തിൽ ശക്തമായ ഒരു സ്ത്രീപക്ഷം പ്രേക്ഷകന് കാണാൻ സാധിക്കും. എന്നും സ്ത്രീകേന്ദ്രീകൃത കഥാപാത്രം തെരഞ്ഞെടുക്കുന്ന വിൻസ് അലോഷ്യസിന് ഇത്തവണയും തെറ്റിയില്ല. രേഖയിലൂടെ താരം അത് തെളിയിച്ചു.

Leave A Reply

Exit mobile version