അടുത്തിടെ ഏറ്റവും കൂടുതൽ പ്രചരണത്തിൽ നിന്നിരുന്നത് താരരാജാവ് മോഹൻലാൽ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ കൂട്ടുകെട്ടിലൊരു സിനിമ പിറക്കുന്നു എന്നതാണ്. ഇത് വെറുമൊരു പ്രചരണം മാത്രമല്ല, ചിത്രം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ശ്യാം പുഷ്കരൻ. ഇതോടെ ഹിറ്റുകൾ മാത്രം സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടിൽ നിന്ന് വമ്പൻ ചിത്രം തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങിയ ‘തങ്കം’ എന്ന സിനിമയുടെ പ്രസ് മീറ്റിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹത്തെ പോലെ വലിയൊരു താരത്തിന് വേണ്ടി സിനിമ ചെയ്യുമ്പോൾ രണ്ടോ മൂന്നോ വർഷം മാറ്റിവെക്കണം. സ്ക്രിപ്റ്റ് പൂർത്തിയായാൽ അദ്ദേഹത്തെ വീണ്ടും കാണുമെന്ന് ശ്യാം പുഷ്കരൻ പറയുന്നു. സൂപ്പർ സ്റ്റാറുകളെക്കാൾ ഉപരി ഇവരെല്ലാം അസാധ്യ നടന്മാരാണ്, നമ്മുടെ കാലത്ത് അവരുടെ അഭിനയതികവ് മുതലെടുത്തില്ലെങ്കിൽ പിന്നെ ഇക്കാലത്ത് ജീവിക്കുന്നതിൽ അർത്ഥമില്ലല്ലോ.
വരും വർഷങ്ങളിൽ ഈ സിനിമകൾ ഉണ്ടാകും അതിനുള്ള പണികൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹേഷിൻറെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങിയ സിനിമകൾക്ക് ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കിയ ചിത്രമാണ് തങ്കം. ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ഉയർന്നത്.