‘കേന്ദ്രം മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നു- യെച്ചൂരി’ മാതൃഭൂമി ഒന്നാം പേജിലെ വാർത്തയാണിത്. ഈ തലക്കെട്ടിന് പുറമെ, കേരളത്തെ കുറിച്ച് മിണ്ടിയില്ല എന്ന് കൂടി പ്രത്യേകം പരാമർശിച്ചിരിക്കുന്നു. എന്തുകൊണ്ട് യെച്ചൂരി കേരളത്തിലെ പത്രസ്വാതന്ത്ര്യത്തെ കുറിച്ച് പറഞ്ഞില്ല എന്ന ചോദ്യവും കേന്ദ്രത്തിൽ ശബ്ദം ഉയർത്തുന്നു എന്നതിന് കൃത്യമായ ഉത്തരം മാതൃഭൂമി കൊടുത്തിട്ടില്ല എന്നതാണ് വസ്തുത.
2023 ൽ എന്തുകൊണ്ട് രാജ്യം മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 161-ാം സ്ഥാനത്ത് നിൽക്കുന്നു..? 150-ാം സ്ഥാനത്ത് നിന്നാണ് 161ലേയ്ക്കുള്ള താഴ്ച എന്ന കാര്യം നാം ഓർക്കേണ്ടതാണ്. മാധ്യമങ്ങൾക്ക് കേന്ദ്രം കൂച്ചുവിലങ്ങ് ഇടുന്നത് ഇത് ആദ്യമല്ല. ട്വിറ്റർ സ്ഥാപകനും മുൻ സി ഇ ഒ യുമായ ജാക്ക് ഡോർസിയെ കേന്ദ്രം പൂട്ടി. ഈ നടപടി സർക്കാരിന്റെ കൊള്ളരുതായ്മകൾ തുറന്നു കാണിക്കുന്നതിന്റെ പേരിലാണെന്ന് മാത്രം. നിരന്തരമായി കേന്ദ്രം മാധ്യമ പ്രവർത്തകരുടെ ആവിഷ്‌ക്കാര സ്വാത്ര്യത്തിൽ കൈകടത്തുന്നുന്നതിനുള്ള ഉദാഹരണങ്ങൾ പറഞ്ഞാൽ തീരില്ല.
2015 ൽ കൽബുർഗിയെ കൊലപ്പെടുത്തി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ സംഘപരിവാറിന്റെ പൊതുശത്രുവായി കൽബുർഗി മാറി. പതിയെ അദ്ദേഹത്തെ ഭൂലോകത്ത് നിന്നും തുടച്ചു നീക്കി. ഇത് കൂടാതെ, രാജ്യത്തെ നടുക്കിയ മറ്റൊരു അരുംകൊലയായിരുന്നു 2017ൽ നടന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം. ഹിന്ദുത്വ ജാതീയ അതിക്രമങ്ങൾക്ക് എതിരായി ശബ്ദം ഉയർത്തിയതിന്റെ പേരിലാണ് രാജ്യം അറിയപ്പെടുന്ന മാധ്യമപ്രവർത്തകയെ സംഘപരിവാർ സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്.
സന്ദേശ് ടൈംസിന്റെ ബ്യൂറോ ചീഫ് തരുൺ മിശ്ര, ദൃശ്യ മാധ്യമ പ്രവർത്തകൻ ഇന്ദ്രിയ ദേവ്, ഇവരെല്ലാം തെറ്റിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ദാരുണമായി കൊല്ലപ്പെട്ടവരാണ്. എന്തിന് ഏറെ പറയുന്നു, മലയാളം വാർത്താ ചാനലായ മീഡിയ വണ്ണിന് കേന്ദ്രം വിലക്കേർപ്പെടുത്തി, അതും മതിയായ സുരക്ഷാ കാര്യങ്ങളെ ചൂണ്ടിക്കാണിച്ച്. പിന്നീട് കോടതിയിൽ പോരാടിയാണ് അവർ തങ്ങളുടെ സ്വാതന്ത്ര്യം നേടിയെടുത്തത്.
അടിയന്തരാവസ്ഥ കാലത്ത് പോലും മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നേരിടാത്ത വെല്ലുവിളികളും പ്രതിസന്ധികളുമാണ് മോദി ഭരണത്തിൽ ഇന്ത്യയിലെ മാധ്യമപ്രവർത്തനം നേരിടുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ 22 മാധ്യമപ്രവർത്തകർ രാജ്യത്ത് കൊല്ലപ്പെട്ടുവെന്നത് പത്രപ്രവർത്തനം എത്ര ദുഷ്‌കരമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അവർക്കായി തൂലിക ചലിപ്പിച്ചവരെ ജയിലിലടയ്ക്കുമെന്നുമുള്ള ഭീഷണിയും ഇതേ രാജ്യത്ത് തന്നെയാണെന്ന് ഓർക്കണം.
രാജ്യത്ത് മാധ്യമപ്രവർത്തനത്തിന് നേരെയുള്ള ഈ കടന്നാക്രമണങ്ങളാണോ കേരളത്തിൽ നടക്കുന്നത്..? വാർത്തകൾ സ്വാതന്ത്ര്യത്തോടെ റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം എന്നും മുൻപിലാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ വ്യാജ വാർത്തകൾ നിരന്തരം റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് സാധിക്കാതെ വരുമായിരുന്നു. നമ്പി നാരായണൻ , മറിയം റഷീദ ,ഓമനക്കുട്ടൻ എന്നിവരൊക്കെ മാധ്യമ വേട്ടയാടലുകൾക്ക് ഇരയാണ്. നമ്പി നാരായണൻ വർഷങ്ങളോളമായിരുന്നു മലയാള മുഖ്യധാര മാധ്യമങ്ങളുടെ ഇരയായത്.
വർഷങ്ങൾക്കിപ്പുറം തെറ്റുകാരനല്ലെന്ന് അറിഞ്ഞപ്പോൾ ആ വാർത്തകൾ തിരുത്തി മാപ്പ് പറയാൻ കേരളത്തിലെ മാധ്യമങ്ങൾ ശ്രമിച്ചതുമില്ല. ഇത് ഏത് പത്രസ്വാതന്ത്ര്യത്തിൽ ഉൾപ്പെടും..? ചാര കേസിൽ മറിയം റഷീദയ്ക്ക് പങ്കുണ്ടെന്നായിരുന്നു പിന്നീടുള്ള മാധ്യമങ്ങളുടെ പ്രചരണം, ഒടുവിൽ സത്യം പുറത്ത് വന്നപ്പോൾ മാപ്പപേക്ഷ അപ്രത്യക്ഷം.
പ്രളയ കാലത്ത്, അവശ്യ സാധനങ്ങളുമായി എത്തിയപ്പോൾ ഓട്ടോക്കൂലി കൊടുക്കാനില്ലാതെ അന്തേവാസികളിൽ നിന്ന് 70 രൂപ പിരിച്ചെടുത്തത് സിപിഎം പ്രവർത്തകനായതിന്റെ പേരിൽ ഇരയായതാണ് കുട്ടനാട്ടിലെ ഓമനക്കുട്ടൻ. ഒടുക്കം സത്യം പുറത്ത് വന്നപ്പോഴും സമാനം. ഒടുവിലത്തെ മാധ്യമ ഇരയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ആർഷോയ്‌ക്കെതിരെയുള്ള ആരോപണം പൊളിഞ്ഞിട്ടും മാധ്യമവേട്ടയാടലുകൾക്ക് ശമനമില്ല.
മാധ്യമ സ്വാതന്ത്ര്യം വ്യക്തികളെ കടന്നാക്രമിക്കുന്നുവെന്ന തലത്തിലേയ്ക്കാണ് കേരളത്തിലെ പത്രപ്രവർത്തനത്തിന്റെ സഞ്ചാരം. പത്രസ്വാതന്ത്ര്യം എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേൽ കൈകടാത്താനുള്ള ഒരു അധികാരമല്ലെന്ന് കേരളത്തിലെ മാധ്യമപ്രവർത്തകർ ഓർക്കേണ്ടതാണ്.