രാജ്യത്തെ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്ക്കുന്നുവെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിൻ്റെ പ്രസ്താവന യാഥാര്‍ത്ഥ്യത്തോട് തരിമ്പും ചേര്‍ന്ന് നില്ക്കുന്നതെല്ലെന്ന് കണക്കുകളും വസ്തുതകളും അടിവരയിടുന്നു. മുസ്ലീങ്ങളെയാണ് ഈ പ്രസ്താവനയിലൂടെ ഭാഗവത് ഉദ്ദേശിക്കുന്നതെങ്കിലും ഭാഗവതിൻ്റെ ഈ ആരോപണം സത്യവുമായി പുലബന്ധമില്ലാത്ത പെരും നുണയാണ്.
ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റിനെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ജനസംഖ്യാ വര്‍ദ്ധനവ് കണക്കാക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ രാജ്യത്തെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 – 21 ലെ ഈ സര്‍വ്വേ പ്രകാരം ഹിന്ദു, മുസ്ലിം സമുദായങ്ങളിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് യഥാക്രമം 1.9 ഉം 2.3 ഉം ആണ്. ലളിതമായി പറഞ്ഞാല്‍ ഒരു ഹിന്ദു സ്ത്രീക്ക് 1.94 കുട്ടികളും മുസ്ലീം സ്ത്രീക്ക് 2.36 കുട്ടികളും. വ്യത്യാസം വെറും 0.4 മാത്രം. 1992ല്‍ ഒരു മുസ്ലീം സ്ത്രീ ഹിന്ദു സ്ത്രീയെക്കാള്‍ ശരാശരി 1.1 കുട്ടികള്‍ക്ക് അധികമായി ജന്മം നല്‍കിയിരുന്നു. ഈ രണ്ട് കണക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ ജനസംഖ്യയില്‍ മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ കൂടുകയല്ല കുറയുകയാണെന്ന് കുറച്ചുകൂടി സ്പഷ്ടമാകും.
ഇരുപതുവര്‍ഷങ്ങള്‍ക്കിടെ ഫെര്‍ട്ടിലിറ്റി നിരക്കിൻ്റെ കാര്യത്തില്‍ 41.2 ശതമാനത്തിൻ്റെ കുറവാണ് ഹിന്ദു സമുദായത്തിലുണ്ടായതെങ്കില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായതെന്നും ഈ സര്‍വേ തന്നെയാണ് വ്യക്തമാക്കുന്നത്. അതായത് മോഹന്‍ ഭാഗവത് ഉദ്ദേശിക്കുന്നത് പോലെ ഒരു മുസ്ലീം ജനസംഖ്യാ വിസ്ഫോടനമൊന്നും ഇപ്പോള്‍ ഇന്നാട്ടില് ഇല്ല.
ഇനി സെന്‍സസ് കണക്കുകള്‍ പരിശോധിച്ചാലും ആര് എസ് എസ് മേധാവിയുടെ വാദം തെറ്റെന്ന് കൂടുതല്‍ വ്യക്തമാകും. 2001- 2011 സെന്‍സസ് കണക്കു പ്രകാരം ഹിന്ദു ജനസംഖ്യാ വര്‍ദ്ധനവില്‍ 3.1 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ മുസ്ലിം ജനസംഖ്യാ വര്ദ്ധനവിലുണ്ടായതാകട്ടെ 4.7 ശതമാനം ഇടിവും.
എന്തിനേറെ പറയുന്നു ജനസംഖ്യ നിയന്ത്രണമെന്ന ആര് എസ് എസിൻ്റെ ആവശ്യത്തെ പ്രത്യക്ഷമായല്ലെങ്കിലും പരോക്ഷമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തള്ളിപ്പറിഞ്ഞിട്ട് അധിക കാലമായിട്ടില്ല. ജനസംഖ്യാ നിയന്ത്രണം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് 2020 ഡിസംബറില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ഇതേ ആര് എസ് എസിൻ്റെ ആശിര്‍വാദത്തോടെ ഭരിക്കുന്ന ബിജെപിയാണ്.
ആര് എസ് എസ് മേധാവിയെപ്പോലെ കാടടച്ച് വെടിവയ്ക്കുന്ന ഒരു നിലപാടല്ല ഏതായാലും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചത്. അല്പം പുരോഗമനമായിരുന്നുവെന്ന് പറഞ്ഞാലും തെറ്റില്ല. ജനസംഖ്യാ നിയന്ത്രണം വ്യക്തിയുടെ പ്രത്യുല്‍പ്പാദന അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്രം ആ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇത് മാത്രമല്ല അങ്ങനെയൊരു നയം നടപ്പിലാക്കിയാല്‍ അതിൻ്റെ ഇരകളാവുക സാമൂഹ്യമായും സാമ്പത്തികമായും പാര്ശ്വവല്ക്കരിക്കപ്പെട്ടവരാകുമെന്ന മുന്നറിയിപ്പും കേന്ദ്ര സര്‍ക്കാരിൻ്റെ സത്യവാങ്മൂലത്തില്‍ കാണാനാകും. ഏതായാലും ആര് എസ് എസ് മേധാവി തന്നെ ഇത് വകവയ്ക്കാത്ത സാഹചര്യത്തില്‍ മോദി സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിന് ഇനി കീറക്കടലാസിൻ്റെ വില പോലുമുണ്ടാകില്ല.
കണക്കുകള്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുമ്പോഴും ആര് എസ് എസ് നിരന്തരം ഈ പ്രചരണായുധത്തിന് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. 2024 തെരഞ്ഞെടുപ്പിന് മുന്‍പായി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരികയെന്നത് ആര് എസ് എസിൻ്റെ അജണ്ടയാണ്. അതിന് അന്തരീക്ഷമൊരുക്കാന്‍ അവര്‍ക്ക് ഈ പ്രചരണം പച്ചപിടിക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷം ഭൂരിപക്ഷമാകുന്നുവെന്ന അനാവശ്യഭീതി സൃഷ്ടിക്കുന്നതിലൂടെ ലോകത്ത് എല്ലായിടത്തും ഫാസിസം ലക്ഷ്യമിട്ടത് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തലും വേട്ടയാടലുമാണ്. അത് തന്നെയാണ് ഇന്ത്യയിലും സംഘപരിവാറിൻ്റെ ആത്യന്തിക ലക്ഷ്യം. ഹിന്ദുത്വ വര്‍ഗീയതയ്ക്ക് ഇടയ്ക്കിടയ്ക്ക് ബൂസ്റ്റര്‍ ഡോസ് കുത്തിവയ്ക്കുകയാണ് ആര് എസ് എസ് മേധാവി തൻ്റെ ഈ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത് .