ന്യൂഡൽഹി: അന്താരാഷ്ട്ര യോഗദിനം ബഹിഷ്കരിച്ച് മണിപ്പൂരിൽ വിവിധ സംഘടനകൾ മോദിയുടെ കോലം കത്തിച്ചു. മണിപ്പൂരിലെ കലാപം ഭീതി പടർത്തി ദിവസങ്ങൾ പിന്നിട്ടും മോദി മൗനം പാലിക്കുന്നതാണ് വ്യാപകമായി പ്രേതിഷേധം ഉയരുന്നതിന് ഇടയാക്കിയത്. സ്ത്രീകളും കുട്ടികളുമടക്കം റോഡുകൾ ഉപരോധിച്ച് തെരുവുകളിൽ സമരത്തിലാണ്. കലാപത്തിനിടയിൽ പടിഞ്ഞാറൻ ഇംഫാൽ ജില്ലയിലെ ബൊൽജാങ്ങിൽ രണ്ട് സൈനികർക്ക് വെടിയേറ്റു. കിഴക്കൻ ഇംഫാലിലെ ഉരങ്പതിലും ഏറ്റുമുട്ടലുണ്ടായി. കലാപത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും 5000ൽപ്പരം വീടുകൾ ആക്രമിക്കപ്പെടുകയും ചെയ്തിട്ടും പ്രധാനമന്ത്രി മൗനം വെടിയുന്നില്ലന്നു തൗബൽ അപുൻബ ലുപ് എന്ന സംഘടനയുടെ സെക്രട്ടറി ജിബൻകുമാർ പറഞ്ഞു.
നാഗാ സമൂഹത്തിനുനേരെ ഉയരുന്ന ആക്രമണങ്ങളെ ചെറുക്കാനാവാത്ത സ്ഥിതിയെ യുണൈറ്റഡ് നാഗാ കൗൺസിലും ഇതര സംഘടനകളും അപലപിച്ചു. പടിഞ്ഞാറൻ ഇംഫാലിൽ നാഗ വംശജന്റെ വീട് സുരക്ഷാസേനയുടെ കൺമുന്നിലിട്ട് കത്തിച്ചു. റോങ്മേയി നാഗാ പള്ളിക്ക് തീയിട്ടു. തുനൗപോക്പി ഗ്രാമത്തിൽ യുവതിയെ ക്രൂരമായി മർദിച്ചു കൊന്നു. മെഡിക്കൽ ജീവനക്കാരായ നാഗാ വംശജരെ ചന്ദേൽ ജില്ലയിൽ ആക്രമിച്ചതായും ഓൾ നാഗാ സ്റ്റുഡന്റ്സ് അസോസിയേഷൻ പറഞ്ഞു. ഇതിനിടെ കുക്കി, നാഗാ വിഭാഗങ്ങളിലെ എംഎൽഎമാർ തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചു.