ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 44 മരണം. മുന്നൂറോളം പേർക്ക് പരിക്കുണ്ട്. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് സിയാൻജൂർ അഡ്മിനിസ്ട്രേഷൻ വക്താവ് പ്രതികരിച്ചു. പല ഗ്രാമങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. 300ൽ അധികം ആളുകൾക്ക് പരുക്കേറ്റതായാണ് വിവരമെന്നും അദ്ദേഹം പ്രതികരിച്ചു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും കൂടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
പത്തുകിലോമീറ്റർ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായത്. പ്രദേശത്തെ ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആളുകളോട് കെട്ടിടങ്ങൾക്ക് പുറത്ത് കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുനാമിക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.