ന്യൂയോർക്: അമേരിക്കയിലുണ്ടായ വധശ്രമത്തിൽ ഗുരുതരമായി പരുക്കേറ്റ വിഖ്യാത സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിൻ്റെ കാഴ്ചയും ഒരു കൈയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു. സ്പാനിഷ് ന്യൂസ് പേപ്പറായ എൽ പെയ്സിന് നൽകിയ അഭിമുഖത്തിൽ റുഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ന്യൂയോർക്കിൽ വച്ച് എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. ന്യൂയോർക്കിലെ ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി സൽമാൻ റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തുകയായിരുന്നു.
സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടു. കെെയ്യിലെ ഞരമ്പുകൾ മുറിഞ്ഞതിനാൽ ഒരു കെെയ്യുടെ സ്വാധീനം നഷ്ടപ്പെട്ടു. കഴുത്തിൽ മൂന്ന് ഗുരുതരമായ മുറിവുകളുണ്ട്. നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലുമായി 15 ഓളം മുറിവുകൾ കൂടിയുണ്ടെന്നും ആൻഡ്രൂ വൈലി പറഞ്ഞു.
ഹാദി മറ്റാർ എന്നായാളാണ് ന്യൂയോർക്കിലെ സാഹിത്യ പരിപാടിക്കിടെ സൽമാൻ റുഷ്ദിയെ ആക്രമിച്ചത്. ഇയാളെ സംഭവ സ്ഥലത്തുവച്ചുതന്നെ പിടികൂടിയിരുന്നു. ഹാദി മറ്റാറിൻ്റെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ പരിശോധിച്ച ഫെഡറൽ ഏജൻസികൾ ഇയാൾ തീവ്ര ഷിയ പക്ഷക്കാരനാണ് എന്നാണ് കണ്ടെത്തിയത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡിനെ പിന്തുണച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകൾ ഇയാളുടെതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉണ്ട്.