ബീജിങ്: കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയും പുതിയ വെല്ലുവിളികളെ നേരിടാൻ പാർടിയെയും സർക്കാരിനെയും സജ്ജമാക്കിയും ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഇരുപതാം കോൺഗ്രസ് ശനിയാഴ്ച സമാപിക്കും. മാർക്സിസ്റ്റ് ആശയ അടിത്തറയിൽനിന്ന് ചൈനീസ് സവിശേഷതകളോടുകൂടിയ ആധുനിക സോഷ്യലിസ്റ്റ് രാജ്യം യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് കോൺഗ്രസിൽ നടന്നത്. ജനറൽ സെക്രട്ടറി ഷി ജിൻപിങ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും അച്ചടക്ക പരിശോധനയ്ക്കുള്ള കേന്ദ്ര കമീഷൻ്റെ പ്രവർത്തന റിപ്പോർട്ടും പ്രതിനിധികൾ ചർച്ച ചെയ്തു. പാർടി ഭരണഘടനാ ഭേദഗതികളിൻമേലും ചർച്ച നടന്നു.
പുതിയ കേന്ദ്ര കമ്മിറ്റിയെയും അച്ചടക്കത്തിനുള്ള കേന്ദ്ര കമീഷനെയും സമ്മേളനം ശനിയാഴ്ച തെരഞ്ഞെടുക്കും. വെള്ളിയാഴ്ച പ്രസീഡിയം മൂന്നാം യോഗത്തിൽ ജനറൽ സെക്രട്ടറി ഷി ജിൻപിങ് അധ്യക്ഷനായി. സമ്മേളനത്തിൽ വൊട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും അച്ചടക്കത്തിനായുള്ള കേന്ദ്ര കമീഷൻ അംഗങ്ങളുടേയും കരട് പട്ടിക യോഗം അംഗീകരിച്ചു. 205 പൂർണസമയ അംഗങ്ങളും 171 ഇതര അംഗങ്ങളുമടക്കം 376 അംഗങ്ങളാണ് നിലവിലെ കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേന്ദ്ര കമ്മിറ്റിയുടെ അംഗസംഖ്യ കൂട്ടണോ എന്നത് കോൺഗ്രസ് തീരുമാനിക്കും.
പുതിയ കേന്ദ്ര കമ്മിറ്റി ഞായറാഴ്ച യോഗം ചേർന്ന് 25 അംഗ പൊളിറ്റ് ബ്യൂറോയെയും ഏഴംഗ സ്റ്റാൻഡിങ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും. ഞായറാഴ്ചതന്നെ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ചേർന്ന് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. ഷി ജിൻപിങ് മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
അതേസമയം ചൈനയിൽ കുറ്റ കൃത്യങ്ങൾ കുറഞ്ഞതായി പൊതുസുരക്ഷാ സഹമന്ത്രി സു ഗാൻലു വ്യക്തമാക്കി. കൊലപാതകനിരക്ക് ഏറ്റവും കുറവുള്ള രാഷ്ട്രങ്ങളിൽ ഒന്നാണ് ചൈന. തോക്കും സ്ഫോടനവസ്തുക്കളും ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളും കുറഞ്ഞു. പത്തു വർഷത്തിനിടെ കുറ്റകൃത്യങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തി. സിപിസി പാർടി കോൺഗ്രസിനോട് അനുബന്ധിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെ രജിസ്റ്റർ ചെയ്ത ക്രിമിനൽക്കുറ്റങ്ങളിൽ 2012നെ അപേക്ഷിച്ച് 2021ൽ 64.4 ശതമാനം കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു.