ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി വച്ചു. അധികാരമേറ്റ് 44-ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടൻ. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചു. ഒരാഴ്ചയ്ക്കകം പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നും ലിസ് ട്രസ് പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഇന്ത്യൻ വംശജനും മുൻധനമന്ത്രിയുമായിരുന്ന ഋഷി സുനകിന് സാധ്യതയേറി. കഴിഞ്ഞയാഴ്ച ലിസ് ട്രസ് സർക്കാർ ധനമന്ത്രി ക്വാസി ക്വാർട്ടേങിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയിരുന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ത്യൻ വംശജ സുവെല്ല ബ്രാവർമാനും സ്ഥാനമൊഴിഞ്ഞിരിക്കുന്നു.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞകാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിൻറെ മടക്കം. അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വൻ വിമർശനമാണ് ഉയർന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകൾ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാർട്ടിയിലേയും കാബിനറ്റിലെയും പ്രമുഖർ വിമർശിച്ചു. ബ്രിട്ടനിൽ നാണയപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഏറ്റവുമുയർന്ന നിരക്കിലാണ്. വിലക്കയറ്റവും രൂക്ഷം.
കൺസർവേറ്റീവ് നേതൃത്വത്തിന് സർക്കാരിൻ്റെ നിയന്ത്രണം നഷ്ടമായ സാഹചര്യത്തിൽ അടിയന്തരമായി പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ പാർടി നേതാവ് കെയ്ർ സ്റ്റാമർ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മൂന്നാമത്തെ വനിതയായ ലിസ് ട്രസ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശമന്ത്രിയായിരുന്നു.