ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ വിമത നീക്കം ശക്തം. ലിസ് ട്രസിനെ പുറത്താക്കണമെന്ന ആവശ്യം ടോറി പാർട്ടിയിൽ ശക്തമായി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ത്യൻ വംശജൻ റിഷി സുനകിനെയാണ് കൂടുതൽ പേർ പിന്തുണക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുറത്താക്കൽ ആവശ്യം ഉയരുന്നത്. പ്രധാനമന്ത്രി പദത്തിലെത്തി മാസങ്ങൾ തികയുന്നതിന് മുൻപേ സ്ഥാനമൊഴിയേണ്ട അവസ്ഥയിലേക്ക് ലിസ് ട്രസ് നീങ്ങുകയാണെന്നാണ് സൂചനകൾ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഇടപെടലുകൾ ഫലം കാണുന്നില്ലെന്നാണ് ലിസ് ട്രസിനെതിരെ ഉയരുന്ന പ്രധാന ആരോപണം. അധികാരം ഏറ്റെടുത്തയുടൻ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണങ്ങൾ ബ്രിട്ടനിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രി ക്വാസി ക്വാർടെങിനെ പുറത്താക്കി പകരം മുൻവിദേശകാര്യമന്ത്രി ജെറമി ഹണ്ടിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ലിസ് ട്രസ് നിയമിച്ചിരുന്നു. മിനിബജറ്റിലെ നികുതി ഇളവുകളുടെ പ്രഖ്യാപനം സാമ്പത്തികരംഗത്തുണ്ടാക്കിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണു ആറാഴ്ച തികയും മുൻപ് ക്വാർട്ടെങ്ങിനു സ്ഥാനം നഷ്ടമായത്. ധനസഹമന്ത്രി ക്രിസ് ഫിലിപ്പിനെയും പുറത്താക്കിയ ട്രസ് പകരക്കാരനായി എഡ്വേഡ് ആർഗർ നിയമിച്ചിരുന്നു. നികുതി വെട്ടിക്കുറച്ച നടപടി വലിയ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടാക്കിയെന്നും വിലയിരുത്തപ്പെടുന്നു. നികുതിഇളവുകൾക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ തന്നെ വലിയ വിമർശനം ഉയർന്നതോടെ പ്രഖ്യാപനങ്ങളിലേറെയും പിൻവലിക്കുമെന്നും ട്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇളവു ചെയ്ത കോർപറേറ്റ് നികുതി ഉയർത്തുമെന്നും പറഞ്ഞു.
ലിസ് ട്രസിനെ തെരഞ്ഞെടുത്തത് തെറ്റായിപ്പോയെന്ന് 62% ടോറീസ് പാർട്ടി അംഗങ്ങളും നിലപാടെടുത്തു. ലിസ് ട്രസിനെ മാറ്റി ഇന്ത്യൻ വംശജനായ ഋഷി സുനകിനെയോ പെന്നി മോർഡോങിനെയോ പ്രധാനമന്ത്രിയാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഋഷി സുനക് രണ്ടാമതും പെന്നി മോർഡോങ് മൂന്നാമതുമാണ് എത്തിയത്.