ബീജിങ്: മുന്നോട്ടുള്ള യാത്രയ്ക്കായി പാർടിയെ സജ്ജമാക്കാൻ പൊതുജനാഭിപ്രായം തേടി ചൈനീസ് കമ്യൂണിസ്റ്റ് പാർടി. ഇരുപതാം പാർടി കോൺഗ്രസിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിൻ്റെ കരട് തയ്യാറാക്കുന്നതിന് മുന്നോടിയായാണ് വിവിധ മേഖലകളിൽനിന്നുള്ളവരുടെ അഭിപ്രായം തേടിയത്. ആഗസ്ത് 31നാണ് ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങിൻ്റെ അധ്യക്ഷതയിൽ ഇതിനായി പ്രത്യേക യോഗം ചേർന്നത്.
ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമായി കെട്ടിപ്പടുക്കുന്നതിൽ സിപിസി അംഗങ്ങൾ അല്ലാത്തവർക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് യോഗത്തിൽ ഷി പറഞ്ഞു. ഈ യോഗത്തിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ച് തയ്യാറാക്കിയ റിപ്പോർട്ടാണ് ഞായർ മുതൽ ചേർന്ന പ്ലീനറി സെഷൻ ചർച്ച ചെയ്ത് അംഗീകരിച്ചത്. റിപ്പോർട്ട് ഷി ജിൻപിങ് 16 മുതൽ 22 വരെ നടക്കുന്ന പാർടി കോൺഗ്രസിൽ അവതരിപ്പിക്കും.
ഞായറാഴ്ച തുടങ്ങുന്ന പാർടി കോൺഗ്രസിനായി പ്രതിനിധികളുടെ ആദ്യസംഘം ബീജിങ്ങിൽ എത്തി. സ്വയംഭരണ പ്രദേശമായ ഇന്നർ മംഗോളിയയിൽനിന്നുള്ള പ്രതിനിധികളാണ് വ്യാഴാഴ്ച എത്തിയത്. 9.6 കോടി പാർടി അംഗങ്ങളെ പ്രതിനിധീകരിച്ച് 2296 പ്രതിനിധികളാണ് കോൺഗ്രസിൽ പങ്കെടുക്കുക. 771 പേർ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള മുൻനിരപ്പോരാളികളാണ്. 619 സ്ത്രീകൾ. 40 ന്യൂനപക്ഷ വംശങ്ങളെ പ്രതിനിധാനം ചെയ്ത് 264 പ്രതിനിധികൾ.
പുതിയ കാലത്തിനായി പാർടിയെയും രാജ്യത്തെയും സജ്ജമാക്കുകയും ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുകയുമാണ് പാർടി കോൺഗ്രസിൻ്റെ പ്രധാന അജണ്ട. പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും അച്ചടക്ക സമിതിയെയും തെരഞ്ഞെടുക്കും. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ബീജിങ്ങിൽ പാർടി കോൺഗ്രസിനായുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ‘ഷിക്കൊപ്പം അണിനിരക്കുക’ എന്ന ബാനറുകളും കൊടിതോരണങ്ങളും നഗരത്തെയെമ്പാടും അലങ്കരിക്കുന്നു.