ബീജിങ്: നൂറ്റാണ്ട് പിന്നിട്ട ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഭരണഘടനയിൽ വരുത്താൻ ഉദ്ദേശിക്കുന്ന കരട് ഭേദഗതി നിർദേശത്തിന് കേന്ദ്രകമ്മിറ്റിയുടെ പ്ലീനറിസമ്മേളനം അംഗീകാരം നൽകി. 19-ാം കേന്ദ്ര കമ്മിറ്റിയുടെ ഏഴാം പ്ലീനറി സമ്മേളനമാണ് പാർടി കോൺഗ്രസിന് മുന്നോടിയായി ഞായർ മുതൽ ചേർന്നത്. പൊളിറ്റ്ബ്യൂറോ അംഗം വാങ് ഹുനിങ് അവതരിപ്പിച്ച കരട് ഭേദഗതി നിർദേശം നാലുദിവസം നീണ്ട യോഗം ചർച്ചചെയ്ത് അംഗീകരിച്ചു.
പാർടി ജനറൽ സെക്രട്ടറി ഷി ജിൻപിങ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിനും അംഗീകാരം നൽകി. അച്ചടക്കസമിതി റിപ്പോർട്ടും യോഗം അംഗീകരിച്ചു. ഈ മൂന്ന് റിപ്പോർട്ടുമാകും 16 മുതൽ 22 വരെ ബീജിങ്ങിൽ നടക്കുന്ന പാർടി കോൺഗ്രസിൽ അവതരിപ്പിക്കുക. നൂറ്റി തൊണ്ണൂറ്റൊമ്പത് പൂർണാംഗങ്ങളും 159 പകരം അംഗങ്ങളും മറ്റു പ്രധാന നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
പുതിയ കാലത്തിനായി പാർടിയെയും രാജ്യത്തെയും സജ്ജമാക്കുകയും ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുകയുമാണ് പാർടി കോൺഗ്രസിൻ്റെ പ്രധാന അജണ്ട. 2296 പ്രതിനിധികളാണ് പാർടി കോൺഗ്രസിൽ പങ്കെടുക്കുക. പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും അച്ചടക്ക സമിതിയെയും തെരഞ്ഞെടുക്കും. കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ബീജിങ്ങിൽ പാർടി കോൺഗ്രസിനായുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ‘ഷിക്കൊപ്പം അണിനിരക്കുക’ എന്ന ബാനറുകളും കൊടിതോരണങ്ങളും നഗരത്തെയെമ്പാടും അലങ്കരിക്കുന്നു.