ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിൻ്റെ കിരീടധാരണം അടുത്ത വർഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് രാജാവാകുന്നത്. 73 വയസാണ് ചാൾസ് രാജകുമാരൻ്റെ പ്രായം. വെസ്റ്റ്മിൻസ്റ്റർ ആബിയിൽ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി. രാജ്യത്തെ രാജാവിൻ്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റർബറി ആർച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാൾസ് രാജാവിന് ചെങ്കോൽ നൽകുക. സമാനമായ ചടങ്ങിൽ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. ചാൾസ് 41-ാമത്തെ രാജാവാണ്.
ഏകദേശം 70 വർഷത്തിനുള്ളിൽ നടക്കുന്ന ആദ്യത്തെ കിരീടധാരണ ചടങ്ങായിരിക്കും അടുത്ത വർഷം നടക്കാൻ പോകുന്നത്. 1953 ജൂണിൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് അവസാനം നടന്നത്. 1902 ൽ എഡ്വേർഡ് VII ന് ശേഷം ഇതാദ്യമായാണ് ഒരു രാജാവ് ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ കിരീടമണിയുക. എലിസബത്ത് രാഞ്ജിയുടെ കിരീടധാരണ ചടങ്ങ് ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്നിരുന്നു. എന്നാൽ അടുത്ത വർഷത്തെ ചടങ്ങ് ചെറുതും വൈവിധ്യമാർന്നതും വളരെ കുറച്ച് അതിഥികളുള്ളതുമായിരിക്കും എന്ന് രാജകീയ സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.