വാഷിംഗ്ടൺ: രാജ്യത്ത് കഞ്ചാവ് കേസിൽപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് മാപ്പ് കൊടുക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചെറിയ തോതിൽ കഞ്ചാവ് കൈവശം വച്ചതിനോ ഉപയോഗിച്ചതിനോ ആരെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ബൈഡൻ ഇത്തരമൊരു ഉത്തരവിറക്കിയത്. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിൻ്റെ പ്രധാന ചുവടുവെപ്പായാണ് നീക്കം. ഇടക്കാല തെഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം പാലിച്ചത്. മരിജുവാന കൈവശം വെച്ച കുറ്റത്തിന് ശിക്ഷിപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചു. കഞ്ചാവ് കടത്ത്, വിൽപന, പ്രായപൂർത്തിയാകാത്തവരുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അമേരിക്കയിൽ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസിൽ പെട്ട് നശിച്ചു. കഞ്ചാവിനോടുള്ള തെറ്റായ സമീപനം കൊണ്ടാണിത്. ഈ തെറ്റുകൾ തിരുത്താനുള്ള സമയമാണിതെന്ന് ജോ ബൈഡൻ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡൻ വ്യക്തമാക്കി.