കീവ്: നാല് യുക്രൈൻ പ്രവിശ്യകളെ റഷ്യയോട് ചേർക്കുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കേഴ്സൺ, സപറേഷ്യ, ഡൊണസ്ക്, ലുഹാൻസ്ക് എന്നി പ്രവിശ്യകളെ രാജ്യത്തോട് ചേർക്കാനാണ് റഷ്യൻ പദ്ധതി. 23 മുതൽ ഈ നാല് പ്രദേശങ്ങളിലും ഹിതപരിശോധന തുടങ്ങിയിരുന്നു. നടപടികൾ ഇന്ന് പൂർത്തിയായിരിക്കുകയാണ്. റഷ്യൻ അനുകൂല ഭരണകൂടമാണ് ഹിത പരിശോധന നടത്തിയിരുന്നത്. റഷ്യൻ പാർലമെന്റിൻ്റെ ഇരു സഭകളെയും വെള്ളിയാഴ്ച അഭിസംബോധന ചെയ്യുന്ന പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും.
ഹിതപരിശോധന നടന്ന സപൊറീഷ്യയിൽ 93 ശതമാനം ആളുകൾ റഷ്യയിൽ ചേരുന്നതിനെ അനുകൂലിച്ചെന്നാണ് റഷ്യൻ അധികൃതർ നൽകുന്ന റിപ്പോർട്ട്. ഖെർസണിൽ 87 ശതമാനം പേർ അനുകൂലിച്ചു. കിഴക്കൻ മേഖലയിലെ സ്വതന്ത്ര റിപ്പബ്ലിക്കുകളായ ലുഹാൻസ്ക്, ഡൊണെട്സ്ക് എന്നിവിടങ്ങളിൽ യഥാക്രമം 98ഉം 99ഉം പേർ പിന്തുണച്ചു.
എന്നാൽ, ഹിതപരിശോധന അംഗീകരിക്കാനാകില്ലെന്നാണ് ഉക്രയ്ൻ്റെ നിലപാട്. ഹിതപരിശോധനയുമായി സഹകരിക്കുന്ന പൗരന്മാർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയും അഞ്ചു വർഷം ജയിൽവാസം വിധിക്കുകയും ചെയ്യുമന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്. ഹിതപരിശോധനയിൽ ഇടപെട്ടവരുടെ പട്ടികയുണ്ടെന്നും എന്നാൽ വോട്ടു ചെയ്യാൻ നിർബന്ധിതരായ യുക്രൈൻ പൗരന്മാർക്കെതിരെ നടപടിയെടുക്കില്ലെന്നും പ്രസിഡൻറിന്റെ ഉപദേശകൻ മിഖൈലോ പോഡോലൈക് പറഞ്ഞു.
ഹിതപരിശോധനയ്ക്കെതിരെ പ്രമേയം പാസാക്കാൻ രക്ഷാസമിതിക്ക് ശുപാർശ ചെയ്യുമെന്ന് യുഎന്നിലെ അമേരിക്കൻ സ്ഥാനപതി ലിൻഡ തോമസ് പറഞ്ഞു. റഷ്യക്കെതിരെ കൂടുതൽ വ്യാപാര ഉപരോധങ്ങൾ ഏർപ്പെടുത്താൻ അംഗരാജ്യങ്ങൾ തയ്യാറാകണമെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്ൻ ആവശ്യപ്പെട്ടു. ഹിതപരിശോധനയുടെ ഫലം ജർമനി അംഗീകരിക്കില്ലെന്ന് ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി.