ഫ്ലോറിഡ: ഇയാൻ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്ലോറിഡയില്‍ ആഞ്ഞടിക്കുന്നു. ഫ്ലോറിഡയുടെ തെക്ക് പടിഞ്ഞാറ് വശത്തുകൂടി കരതോട്ട ചുഴലിക്കാറ്റിനെ തുടർന്ന് നഗരത്തിലെമ്പാടും വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വ്യാപകമായ വൈദ്യുതി മുടക്കവും റിപ്പോർട്ട് ചെയ്തു. ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് സമീപ സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിൽ റോഡുകൾ മിക്കതും തകർക്കപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഫോർട്ട് മിയേഴ്സ് ഇയാനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
25 ലക്ഷത്തോളം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 5 ലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായി. മണിക്കൂറിൽ 125 മൈൽ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു തുടങ്ങി. ഫ്ലോറിഡയുടെ പടിഞ്ഞാറൻ പ്രദേശത്ത് അതിശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനം ഏറ്റവും മോശമായ രണ്ട് ദിവസത്തിലൂടെ കടന്ന് പോവുകയാണെന്നായിരുന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അഭിപ്രായപ്പെട്ടത്.