മോസ്കോ: അമേരിക്ക നടത്തിയ ചാരപ്രവർത്തി വെളിപ്പെടുത്തിയ മുൻ രഹസ്യാന്വോഷണ ഉദ്യോഗസ്ഥൻ എഡ്വോഡ് സ്നോഡന് റഷ്യ പൗരത്വം നൽകി. അമേരിക്കയിൽ നിന്ന് അഭയം തേടിയ എഡ്വോഡ് 2013 മുതൽ റഷ്യയിലാണ് താമസിക്കുന്നത്. അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി ഏജൻസി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് 2013ലാണ് എഡ്വോർഡ് വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ യാഹൂ ഫെയ്സബുക്ക് ആപ്പിൾ ഉൾപ്പടെ 9 ഇന്റർനെറ്റ് കമ്പനികളുടെ സർവറുകളും ഫോൺ സംഭഷണങ്ങളും അമേരിക്ക ചോർത്തുന്നു എന്നായിരുന്നു എഡ്വോഡ് സ്നോഡൻറെ വെളിപ്പെടുത്തൽ. തിരിച്ചെത്തി നിയമനടപടി നേരിടണമെന്ന് അമേരിക്ക എഡ്വോർഡിനോട് നിർദേശിച്ചിരുന്നു. എഡ്വോർഡിനെ തിരച്ചുകൊണ്ട് വരാൻ അമേരിക്ക ശ്രമിക്കുന്നതിനിടയിലാണ് റഷ്യ പൗരത്വം നൽകിയത്.
2017ൽ എഡ്വോർഡിൻ്റെ നേതൃത്വത്തിൽ ഹെവൻ എന്ന പേരിൽ മൊബൈൽ ആപ്പ് ഇറക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വകാര്യത ഉറപ്പ് വരുത്തുകയെന്നതാണ് ഈ ആപ്പിൻ്റെ ലക്ഷ്യം. ഇന്ത്യയിൽ വിവിധ സേവനങ്ങൾക്കായി ആധാർ ബന്ധിപ്പിക്കുന്നതിനെതിരെയും എഡ്വോർഡ് രംഗത്ത് വന്നിരുന്നു. ഇതിലൂടെ വിവരങ്ങൾ ചോർന്നതായി അന്ന് അദ്ദേഹം ആരോപിച്ചിരുന്നു.