വാഷിംഗ്ടൺ: ഡാർക്ക് പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കി നാസ. 6 ലക്ഷം കിമീ അകലെയുള്ള ഛിന്നഗ്രഹത്തിലാണ് നാസയുടെ പേടകം ഇടിച്ചിറക്കിയത്. ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ബഹിരാകാശ ശിലകളെയും മറ്റും പ്രതിരോധിക്കാനുള്ള നാസയുടെ പരീക്ഷണമാണ് വിജയം കണ്ടത്. ഡിഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ വലംവെയ്ക്കുന്ന മൂൺലൈറ്റ് ഛിന്നഗ്രഹമായ ഡൈമോർഫസിലാണ് പേടകം ഇടിച്ചിറക്കിയത്. പരീക്ഷണത്തിൻ്റെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. 22,500 കിലോമീറ്റർ വേഗതയിലാണ് നാസ പേടകത്തെ ഛിന്നഗ്രഹത്തിൽ ഇടിച്ചിറക്കിയത്.
2021 നവംബർ 24ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് നടത്തിയ വിക്ഷേപണമാണ് വിജയം കണ്ടത്. 612 കിലോഗ്രാം ഭാരവും ഒന്നര മീറ്റർ നീളവുമായിരുന്നു പേടകത്തിനുണ്ടായിരുന്നത്. സെക്കന്റിൽ 6.6 കിലോമീറ്റർ വേഗത്തിലാണ് ഡാർട്ട് ഡൈമോർഫസിനു നേർക്ക് നീങ്ങിയത്. ഡാർട്ട് പേടകത്തിലെ ട്രാക്കോ ക്യാമറ പകർത്തിയ കൂട്ടിയിടിയുടെ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ഇടിക്കുന്നതിന് ഒരു മണിക്കൂർ മുമ്പുള്ള ഡൈമോർഫസിൻ്റെ ചിത്രങ്ങളും പുറത്തുവിട്ടവയിലുണ്ട്. ഡബിൾ ആസ്ട്രോയിഡ് റീഡയറക്ടഷൻ ടെസ്റ്റ് എന്ന പ്രതിരോധസംവിധാനം വിജയിക്കുന്നതോടെ ഭൂമിക്ക് നേരെയുള്ള ആകാശ ഭീഷണികളെ ചെറുക്കാൻ കരുത്താകും.