റഷ്യയിലെ സ്കൂളിൽ അജ്ഞാതൻ്റെ വെടിവയ്പ്പ്. നിലവിൽ ഒൻപത്
പേർ കൊല്ലപ്പെട്ടുവെന്നും ഇരുപതിലധികം പേർക്ക് പരിക്കേറ്റുമെന്നുമാണ് വിവരങ്ങൾ. വെടിവയ്പ്പ് നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമി സ്വയം വെടിവച്ച് മരിച്ചു. റഷ്യൻ നഗരമായ ഇഷെവ്സ്കിലാണ് സംഭവം. സ്ഥലത്തേക്ക് ഉട്മുർഷ്യ ഗവർണർ അലക്സാണ്ടർ ബ്രെച്ചലോവ് എത്തിയിട്ടുണ്ട്. ഉട്മുർഷ്യയുടെ തലസ്ഥാനമാണ് ഇഷെവ്സ്ക്. സുരക്ഷാസേനയും ആംബുലൻസുകളും സ്ഥലത്തുണ്ട്. വെടിവെപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആയിരത്തോളം കുട്ടികളും 80 അധ്യാപകരുമുള്ള സ്‌കൂളില്‍ രണ്ട് പിസ്റ്റണുമായാണ് അക്രമി എത്തിയത്.
യുക്രൈൻ അധിനിവേശം തുടർച്ചയായി എട്ടാം മാസവും നിലനിൽക്കുന്ന സഹാർച്ചയത്തിൽ യുക്രൈനിന് മുന്നിൽ റഷ്യ പരാജയം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ കലുഷിതമായ സാഹചര്യത്തിലാണ് അജ്ഞാതൻ്റെ വെടിവയ്പ്പും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിതപരിശോധന നടത്തി യുക്രൈന്‍ അധിനിവേശ പ്രദേശങ്ങള്‍ തങ്ങളുടേതാക്കാനുള്ള ശ്രമങ്ങള്‍ റഷ്യ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പുടിൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് റഷ്യൻ നഗരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. യുക്രൈനിൽ യുദ്ധം ചെയ്യാൻ മക്കളെ വിട്ടുനൽകില്ലെന്നടക്കം മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ള വൻ ജനക്കൂട്ടമാണ് നഗരങ്ങളിൽ പ്രതിഷേധിച്ചത്.