ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിൻ്റെ പേരിൽ ഇന്റ്ർവ്യൂ നൽകാതെ ഇറാനിയൻ പ്രസിഡന്റ. സി.എൻ.എന്നിൻ്റെ ചീഫ് ഇന്റർനാഷണൽ ആങ്കർ ക്രിസ്റ്റ്യൻ അമൻപൂറിനാണ് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിൻ്റെ പേരിൽ ഇന്റ്ർവ്യൂ നൽകാത്തത്. ബുധനാഴ്ച ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിലാണ് സംഭവം. ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്സ അമീനി മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ക്രിസ്റ്റ്യൻ അമൻപൂർ ഇറാനിയൻ പ്രസിഡന്റിനെ ഇന്റർവ്യൂ ചെയ്യാനെത്തിയത്.
” മഹ്സ അമീനിയുടെ മരണത്തിന് ശേഷം സ്ത്രീകൾ അവരുടെ ഹിജാബുകൾ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ഇറാനിൽ ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 8 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനാണ് ഞാനെത്തിയത്. യുഎസ് മണ്ണിൽ പ്രസിഡന്റ് റൈസിയുടെ ആദ്യ അഭിമുഖമായി ഇത് മാറുമായിരുന്നു.
ഇന്റർവ്യൂവിൻ്റെ എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ച ശേഷവും ഇറാനിയൻ പ്രസിഡന്റ് വന്നില്ല. 40 മിനിറ്റ് കഴിഞ്ഞപ്പോൾ പ്രസിഡന്റിന്റെ സഹായി വന്ന് ശിരോവസ്ത്രം ധരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഞാൻ വിനയപൂർവം അത് നിരസിച്ചു. ശിരോവസ്ത്രം സംബന്ധിച്ച് നിയമമോ പാരമ്പര്യമോ ഇല്ലാത്ത ന്യൂയോർക്കിലാണ് ഞാനിരിക്കുന്നതെന്നും ശിരോവസ്ത്രം ധരിക്കില്ലെന്നും എനിക്ക് പറയേണ്ടി വന്നു.
ഒരു മുൻ ഇറാനിയൻ പ്രസിഡന്റും ഇറാന് പുറത്ത് നടക്കുന്ന അഭിമുഖങ്ങളിൽ അവതാരികയോട് ശിരോവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ ശിരോവസ്ത്രം ധരിച്ചില്ലെങ്കിൽ അഭിമുഖം നടക്കില്ലെന്ന് സഹായി വ്യക്തമാക്കി. തുടർന്ന് അഭിമുഖം നടത്താനാകാതെ ഞാൻ അവിടെ നിന്ന് മടങ്ങുകയായിരുന്നു”. – ക്രിസ്റ്റ്യൻ അമൻപൂർ ട്വീറ്റ് ചെയ്തു.
ആറ് ദിവസമായി രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധം ശക്തമാകുന്നതോടെ ഇറാൻ ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനങ്ങളും ഇറാൻ സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ അവസാന രണ്ട് ദിവസം മരിച്ചത് നാല് പേരാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചവരുടെ എണ്ണം എട്ടായി. പൊലീസും സൈനികനും മരിച്ചവരിൽ ഉൾപ്പെടും.