മോസ്കോ: രാജ്യം വിടാനൊരുങ്ങി റഷ്യൻ ജനത. റഷ്യയില്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് ജനങ്ങളോട് ഉത്തരവിട്ടതിന് പിന്നാലെയാണ് റഷ്യൻ ജനത രാജ്യം വിടാനൊരുങ്ങുന്നത്. റഷ്യയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം ഒറ്റ ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ ടിക്കറ്റ് വിലയും വര്‍ധിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ 18 നും 65 നും ഇടയില്‍ പ്രായമുളളവര്‍ നിര്‍ബന്ധമായും സൈനിക സേവനത്തിന് പങ്കാളിയാക്കണമെന്ന് ജനങ്ങളോട് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യയില്‍നിന്ന് പുറത്തേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നത്. 18 നും 65 നും ഇടയില്‍ പ്രായമുളളവര്‍ രാജ്യം വിടരുതെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ രാജ്യം വിടാനുളള നീക്കത്തിലാണ് ജനങ്ങള്‍. ഇതോടെ 18 നും 65 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതിയില്ലാതെ ടിക്കറ്റ് നല്‍കരുതെന്ന് റഷ്യന്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ മുന്പരിചയമുള്ളവരെയാണ് പട്ടാളത്തില്‍ ചേര്‍ക്കുന്നത്. റഷ്യയില്‍ ഇത്തരത്തില്‍ യോഗ്യരായ 2.5 കോടി ആളുകളുണ്ടെന്ന് ഇവരില്‍ മൂന്ന് ലക്ഷംപേരെ മാത്രമാണ് അടിയന്തരമായി സേനയിലേക്ക് എടുക്കുന്നതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു അറിയിച്ചു. റിസർവിലുളള സെെനികരെ സെെന്യത്തിൻ്റെ ഭാഗമാക്കുമെന്നും റഷ്യയുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടാൽ ഏത് മാർഗവും സ്വീകരിച്ച് അതിനെ ചെറുക്കുമെന്നും, റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ആണവ ഭീഷണി നടത്തുകയാണ്, ഭോഷ്ക് പറയുകയല്ല, മറുപടി നൽകാൻ ഇനിയും ഏറെ ആയുധങ്ങൾ കയ്യിലുണ്ടെന്നും ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.