തായ്പേ: തായ്വാനിൽ ഭൂചലനത്തിൽ വൻ നാശനഷ്ടം. തെക്ക്-കിഴക്കന്‍ തീരദേശത്ത് ഉച്ചയ്ക്ക് 2.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ട്രെയിൻ പാളം തെറ്റി, കടകൾ തകരുകയും നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യാനാകാതെ കുടുങ്ങിക്കിടക്കുകയുമാണ്. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ടൈറ്റുങ് കൗണ്ടിയാണെന്നും ശനിയാഴ്ച വൈകുന്നേരം അതേ പ്രദേശത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായതായും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.
യുഎസ് ജിയോളജിക്കൽ സർവേയാണ് ഞായറാഴ്ചത്തെ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 146 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തായ്വാനിലെ അഗ്നിശമന വിഭാഗം അറിയിച്ചു. യൂലിയിൽ തകർന്ന കെട്ടിടത്തിൽ നിന്ന് നാലുപേരക്ഷപ്പെടുത്തി, തകർന്ന പാലത്തിൽ നിന്ന് വാഹനങ്ങൾ വീണ മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടൽത്തീരത്തിനു സമാന്തരമായി, ഭൂചലനത്തിൻ്റെ കേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവിൽ സുനാമിത്തിരകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി വാർണിങ്ങ് സെൻ്റർ അറിയിച്ചു.