നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെ തായ്വാന് കടലിടുക്കിൽ പ്രവേശിച്ച് യുഎസ് യുദ്ധക്കപ്പൽ. ചൈനീസ് ഭീഷണി നിലനിൽക്കെയാണ് യുഎസിൻ്റെ നീക്കം. USS ആന്റിവെട്ടം, USS ചാൻസിലോർസ്വില്ലെ എന്ന രണ്ട് യുദ്ധക്കപ്പലുകളാണ് തായ്വാന് കടലിടുക്കിലൂടെ കടന്നു പോകുന്നതെന്ന് യുഎസ് നാവികസേന അറിയിച്ചു. ഗൈയ്ഡഡ് മിസൈൽ ക്രൂയിസറുകളാണ് ഇവ. മേഖലയിൽ ചൈനയുടെ സൈനികാഭ്യാസം നിലനിൽക്കുകയാണ്. ഇന്ത്യ-പസഫിക് മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് യുഎസ് അധികൃതർ അറിയിച്ചു. അതേസമയം അമേരിക്കയുടെ നീക്കങ്ങൾ പ്രകോപനകരമാണ് തായ്വാന് ദ്വീപ് ചൈനയുടെ അവിഭാജ്യഘടകമാണെന്നും ചൈന പ്രതികരിച്ചു. പതിവായി അമേരിക്ക തായ്വാൻ കടലിടുക്കിലൂടെ കപ്പൽ ഗതാഗതം നടത്തുന്നുണ്ടെന്നാണ് വിവരം.
ആഗസ്റ്റ് ആദ്യം യുഎസ് സഭാ സ്പീക്കർ നാൻസി പെലോസി തായ്വാന് സന്ദർശിച്ചതാണ് മേഖലയിലെ സ്ഥിതി വഷളാക്കിയത്. ചൈനയുടെ എതിർപ്പ് അവഗണിച്ചായിരുന്നു നാൻസി പെലോസിയുടെ സന്ദർശനം. പെലോസിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ചൈന സൈനികാഭ്യാസം ആരംഭിച്ചത്. യുദ്ധവിമാനങ്ങൾ അയയ്ക്കുകയും ദീർഘദൂര മിസൈലുകൾ പ്രയോഗിക്കുകയും ചെയ്തു. ഇതിന് മുമ്പ് 1997ലാണ് ഒരു അമേരിക്കൻ സ്പീക്കർ തായ്വാനിലെത്തിയത്. ഉപദ്രവകരവും പ്രകോപനപരവുമായ നീക്കമാണ് അമേരിക്ക നടത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രതികരിച്ചിരുന്നു. തായ്വാന് ചൈനയുടെ പ്രദേശമാണെന്നും വേണ്ടി വന്നാൽ അത് ബലം പ്രയോഗിച്ചാണെങ്കിലും പിടിച്ചെടുക്കുമെന്നും ചൈന പറഞ്ഞിരുന്നു. പെലോസിയുടെ സന്ദർശനത്തിന് ശേഷം ഒരാഴ്ചത്തേക്ക് യുദ്ധക്കപ്പലുകളും മിസൈലുകളും ജെറ്റുകളും ദ്വീപിന് ചുറ്റും എത്തിയപ്പോൾ കിഴക്കൻ തായ്വാനിൽ യു എസും യുദ്ധക്കപ്പലുകളുമായി സജ്ജമായിരുന്നു