ലണ്ടൻ: ലണ്ടനിൽ ഗോപൂജ ചെയ്ത് ബോറിസ് ജോൺസൻ്റെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ഫൈനലിസ്റ്റായ ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണമൂർത്തിയുടെ മകളും ഭാര്യയുമായ അക്ഷത മൂർത്തിക്കൊപ്പമാണ് ഋഷി ഗോപൂജ ചെയ്തത്. ചടങ്ങിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലാകുന്നു. ഋഷി സുനകിനെ അഭിനന്ദിച്ച് ഒട്ടേറെ ആളുകളാണ് രംഗത്തുവരുന്നത്. വീഡിയോയിൽ ചടങ്ങിനായി ഒരുക്കിയ പശുവിൻ്റെ അരികിൽ ദമ്പതികൾ നിൽക്കുന്നത് കാണാം. വീഡിയോയുടെ തുടക്കത്തിൽ വിശുദ്ധജലം അർപ്പിച്ചതിന് ശേഷം കൈയിൽ ഒരു പിച്ചള പാത്രവുമായി സുനക് എഴുന്നേൽക്കുന്നത് കാണാം. ദമ്പതികൾക്ക് ചുറ്റുമുള്ള പുരോഹിതന്മാർ അടുത്ത ചടങ്ങിനെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നു. വീഡിയോ പുരോഗമിക്കുമ്പോൾ നിറങ്ങളും കൈമുദ്രകളും കൊണ്ട് അലങ്കരിച്ച പശുവിനെ സുനക്കും ഭാര്യയും ആരതി ഉഴിയുന്നതും കാണാം. ജന്മാഷ്ടമി ആഘോഷിക്കുന്നതിനും ഭഗവാൻ കൃഷ്ണൻ്റെ അനുഗ്രഹം തേടുന്നതിനുമായി ശ്രീ സുനക് ലണ്ടൻ്റെ പ്രാന്തപ്രദേശത്തുള്ള ഭക്തിവേദാന്ത ക്ഷേത്രം സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഗോപൂജയുടെ വീഡിയോ വരുന്നത്. ഭഗവദ് ഗീതയെക്കുറിച്ചും അത് തനിക്ക് എങ്ങനെ ശക്തി നൽകുന്നുവെന്നും സുനക് സംസാരിച്ചുവെന്ന് ക്ഷേത്രം അതിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പറഞ്ഞു. സന്ദർശനത്തിൻ്റെ ചില ചിത്രങ്ങളും അദ്ദേഹം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.