സാൽമൻ റുഷ്ദി രക്ഷപെടുമെന്ന് കരുതിയില്ലെന്നും അതിജീവനത്തിൻ്റെ വാർത്ത കേട്ട താൻ അമ്പരന്നുവെന്നും അദ്ദേഹത്തെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഹാദി മാത്തർ ന്യൂയോർക്ക് ടൈംസിനോട്. ജയിലിൽ നിന്നു നൽകിയ അഭിമുഖത്തിൽ റുഷ്ദിയെ കൊല്ലാൻ ഫത്വ പുറപ്പെടുവിച്ച ആയത്തൊള്ള ഖൊമേനിയ്ക്ക് സ്തുതിയുമുണ്ട്. റുഷ്ദിയുടെ പുസ്തകം രണ്ടോ മൂന്നോ പേജുകൾ മാത്രമേ വായിച്ചിട്ടുള്ളൂവെന്നും കമ്പോടു കമ്പ് വായിച്ചിട്ടില്ലെന്നും ഹാദി മേത്തർ പറയുന്നു.
“ഞാൻ ആയത്തൊള്ളയെ ആദരിക്കുന്നു, മഹാനായ മനുഷ്യനാണ് അദ്ദേഹമെന്ന് വിചാരിക്കുന്നു. അതേക്കുറിച്ച് എനിക്കത്രയുമാണ് പറയാനുള്ളത്” മാത്തർ പറയുന്നു.
“റുഷ്ദിയെ എനിക്കിഷ്ടമല്ല. അയാളൊരു നല്ല മനുഷ്യനാണെന്ന് ഞാൻ കരുതുന്നതേയില്ല. ഞാനയാളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല” എന്നൊക്കെയാണ് റുഷ്ദിയെക്കുറിച്ചുള്ള അഭിപ്രായം.
ആഗസ്റ്റ് 12നാണ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ അക്രമി മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചത്. ന്യൂയോർക്കിലെ ഷിറ്റാഗോ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രഭാഷണം തുടങ്ങാനിരിക്കെയായിരുന്നു ആക്രമണം. റുഷ്ദിയെ അവതാരകൻ പരിചയപ്പെടുത്തുന്നതിനിടെ സ്റ്റേജിലേയ്ക്ക് ഇരച്ചു കയറിയ അക്രമി 15ഓളം തവണ കുത്തി. കഴുത്തിലും നെഞ്ചിലും വയറ്റിലും കണ്ണിനു സമീപവും കുത്തേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ റുഷ്ദി അപകടനില തരണം ചെയ്തുവെന്ന വിവരം പുറത്തു വന്നതിനു പിന്നാലെയാണ് അക്രമിയുടെ അഭിമുഖം.
റുഷ്ദി എത്തുന്നു എന്ന ട്വീറ്റ് കണ്ടപ്പോൾത്തന്നെ ഷിറ്റാഗോയിൽ പോകാൻ തീരുമാനിച്ചുവെന്ന് മാത്തർ പറഞ്ഞു. “തലേന്നു തന്നെ സ്ഥലത്തെത്തി. അവിടമാകെ കറങ്ങി നടന്നു. രാത്രി പുൽത്തകിടിയിൽ കിടന്നുറങ്ങി”.
“റുഷ്ദിയുടെ ലക്ചറുകൾ യൂട്യൂബിൽ കണ്ടിട്ടുണ്ട്. ഇത്തരം കാപട്യക്കാരെ എനിക്കിഷ്ടമില്ല”
എന്നാൽ നാലു വർഷം മുമ്പ് പിതാവിനെ കാണാൻ ലബനോണിൽ പോയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഇയാൾ മൗനം പാലിച്ചു. ആ യാത്രയ്ക്കു ശേഷമാണ് മകനിൽ മാറ്റങ്ങളുണ്ടായത് എന്ന് ഇയാളുടെ അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
റുഷ്ദിയെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും ജയിലിലെ അവസ്ഥയെക്കുറിച്ച് മാത്തറിന് പരാതികളുണ്ട്. മതവിശ്വാസത്തിന് വിരുദ്ധമായ ഭക്ഷണമാണ് കിട്ടുന്നത് എന്നാണ് പ്രധാന പരാതി.
ഇയാളെ വ്യാഴാഴ്ച ഷിറ്റാഗോയിലെ കോടതിയിൽ ഹാജരാക്കുമെന്ന് ജില്ലാ അറ്റോർണി അറിയിച്ചു. വെള്ളിയാഴ്ചയാണ് വാദം.