കൊളംബോ: ഇന്ത്യയുടെ ആശങ്കകളും മുന്നറിയിപ്പുകളും മറികടന്ന് ചൈനീസ് ചാരകപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിട്ടു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാൻ വാങ് 5 ആണ് ചൊവ്വാഴ്ച രാവിലെ ഹംബൻടോട്ട തുറമുഖത്തെത്തിയത്. കപ്പലിന്റെ വരവിൽ ഇന്ത്യ നേരത്തെ തന്നെ ശ്രീലങ്കൻ സർക്കാരിനോട് ആശങ്ക അറിയിച്ചിരുന്നു. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നതെന്ന് തുറമുഖമന്ത്രി നിർമൽ പി.സിൽവ പറഞ്ഞു.
ഹംബൻടോട്ടയിൽ ഓഗസ്റ്റ് പതിനൊന്നിന് കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടർന്നു കപ്പലിനു പ്രവേശനാനുമതി നൽകുന്നത് നീണ്ടു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണ് കപ്പൽ വരുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരകപ്പലിന് കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്കയിലാണ് ഇന്ത്യ.