നാഗ്പൂർ: നാഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. രണ്ടാമിന്നിങ്സിൽ ഓസ്ട്രേലിയ 91 റൺസിന് പുറത്തായി. 223 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 32.3 ഓവറിൽ വെറും 91 റൺസിന് ഓൾ ഔട്ടായി ഇന്നിംഗ്സിനും 132 റൺസിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സിൽ കറക്കി വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ മൂന്നു വിക്കറ്റെടുത്തിരുന്ന അശ്വിൻ ആകെ എട്ട് വിക്കറ്റുകൾ സ്വന്തമാക്കി. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്കോർ ഓസ്ട്രേലിട 177, 91, ഇന്ത്യ 400.
51 പന്തിൽ 25 റൺസെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് പുറത്താകാതെ പിടിച്ചുനിന്നത്. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. അഞ്ച് റൺസെടുത്ത ഉസ്മാൻ ഖ്വാജ, പത്ത് റൺസെടുത്ത ഡേവിഡ് വാർണർ, 17 റൺസ് നേടി മാർനസ് ലബൂഷെയ്ൻ, രണ്ട് റൺസ് മാത്രം അക്കൗണ്ടിലെത്തിച്ച മാറ്റ് റെൻഷാ, ആറ് റൺസുമായി പീറ്റർ ഹാൻഡ്സ്കോമ്പ്, 10 റൺസെടുത്ത അലക്സ് കാരി, ഒരു റണ്ണുമായി പാറ്റ് കമ്മിൻസ്, രണ്ട് റൺസെടുത്ത ടോഡി മർഫി, എട്ടു റൺസെടുത്ത നഥാൻ ലിയോൺ, അക്കൗണ്ട് തുറക്കാത്ത സ്കോട്ട് ബോളണ്ട് എന്നിങ്ങനെ ദുർബലമായിരുന്നു ഓസീസിന്റെ ബാറ്റിങ്.
നേരത്തെ വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്സർ പട്ടേൽ നടത്തിയ പോരാട്ടത്തിൻ്റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ മികച്ച സ്കോർ കുറിച്ചത്. 321-7 എന്ന സ്കോറിൽ മൂന്നാം ദിനം ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന് തൊട്ടു മുമ്പ് 400 റൺസിന് ഓൾ ഔട്ടായി. 84 റൺസെടുത്ത അക്സർ പട്ടേലും 37 റൺസടിച്ച മുഹമ്മദ് ഷമിയുമാണ് വാലറ്റത്ത് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. 223 റൺസിൻ്റെ കൂറ്റൻ ലീഡാണ് ഇന്ത്യ നേടിയത്. ഒമ്പതാം വിക്കറ്റിൽ അക്സർ-ഷമി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തിയശേഷമാണ് വേർപിരിഞ്ഞത്. ഓസീസിനായി ടോഡ് മർഫി ഏഴ് വിക്കറ്റുകൾ വീഴ്ത്തി.