ആശുപത്രിയിൽ തുടരുന്ന ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. താൻ ഊർജ്ജസ്വലനായിരിക്കുന്നുവെന്നും പ്രതീക്ഷയുണ്ടെന്നും പെലെ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. പതിവായി നടത്തിയിരുന്ന പരിശോധനകളാണ് തുടരുന്നത്. എല്ലാവരും സമാധാനത്തോടും പോസിറ്റീവായിരിക്കാനും താൻ ആഗ്രഹിക്കുന്നു. തന്നെ ചികിത്സിക്കുന്ന ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി പറയുന്നുവെന്നും കുറിപ്പിലൂടെ പെലെ പറഞ്ഞു.
‘എന്റെ സുഹൃത്തുക്കളേ, എല്ലാവരേയും ശാന്തമായും പോസിറ്റീവായും നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ശക്തനാണ്, വളരെയധികം പ്രതീക്ഷയുണ്ട്. പതിവുപോലെ ഞാൻ എൻ്റെ ചികിത്സ പിന്തുടരുന്നു. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മുഴുവൻ മെഡിക്കൽ, നഴ്സിംഗ് ടീമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ദൈവത്തിൽ വളരെയധികം വിശ്വാസമുണ്ട്. ലോകമെമ്പാടുമുള്ള നിങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്ന സ്നേഹത്തിൻ്റെ ഓരോ സന്ദേശവും എന്നെ ഊർജ്ജസ്വലനാക്കുന്നു. ലോകകപ്പിൽ ബ്രസീലിൻ്റെ പോരാട്ടം കാണുക! എല്ലാത്തിനും വളരെ നന്ദി.’ പെലെ പറഞ്ഞു.
കാൻസർ ചികിത്സയിലുളള പെലെ കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അദ്ദേഹത്തെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയതായും ആരോഗ്യനില വഷളായതായും റിപ്പോർട്ടുണ്ടായിരുന്നു. 2021ൽ പെലെയുടെ വൻകുടലിനെ ബാധിച്ച ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്ഥിരമായി പെലെ പ്രത്യേക പരിശോധനകൾ നടത്തിവരികയാണ്. ആരോഗ്യ നില പരിശോധിക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പെലെയ്ക്ക് കരളിൽ അണുബാധയേറ്റതായി കണ്ടെത്തിയിരുന്നു.