അർജന്റീന മെക്സിക്കോ മത്സരത്തിന് ശേഷം മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനെലോ അൽവാരസ് മാപ്പ് പറഞ്ഞു. മെക്സിക്കോയ്ക്കെതിരായ മത്സരത്തിനു ശേഷം ഡ്രസിംഗ് റൂമിൽ വച്ച് മെസി മെക്സിക്കൻ ജഴ്സി ചവിട്ടി എന്നാരോപിച്ചാണ് അൽവാരസ് അർജൻ്റൈൻ സൂപ്പർ താരത്തിനെ ഭീഷണിപ്പെടുത്തിയത്. അദ്ദേഹത്തെ ഞാൻ കണ്ടെത്താതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കൂ എന്നായിരുന്നു അൽവാരസിൻ്റെ പ്രസ്താവന. ഈ പ്രസ്താവനയിലാണ് താരം ഇപ്പോൾ മാപ്പ് പറഞ്ഞിരിക്കുന്നത്. മെക്സിക്കോയെ കീഴടക്കിയതിനു ശേഷം ഡ്രസിംഗ് റൂമിൽ വച്ച് നടന്ന ആഘോഷത്തിനിടെ മെസി ജഴ്സി ചവിട്ടിയെന്നായിരുന്നു ആരോപണം. ഇതിനു തെളിവെന്നോണം ഡ്രസിംഗ് റൂമിലെ വിഡിയോയും പുറത്തുവന്നിരുന്നു.
“കഴിഞ്ഞ കുറച്ചുദിവസമായി എൻ്റെ രാജ്യത്തോടുള്ള പ്രണയം കാരണം എനിക്ക് ആവേശം കുറച്ച് കൂടിപ്പോയി. അരുതാത്ത ചില കാര്യങ്ങൾ പറഞ്ഞു. അതുകൊണ്ട് മെസിയോടും അർജൻ്റീനക്കാരോടും ഞാൻ മാപ്പപേക്ഷിക്കുന്നു.”- അൽവാരസ് പറഞ്ഞു. അൽവാരസിൻ്റെ ഭീഷണിയോട് മെസിയും പ്രതികരിച്ചിരുന്നു. “അയാൾ പറഞ്ഞത് ശ്രദ്ധയിൽ പെട്ടു. പക്ഷേ, അത് ഒരു തെറ്റിദ്ധാരണയായിരുന്നു. എന്നെ അറിയുന്നവർക്കറിയാം, ഞാൻ ആരെയും അപമാനിക്കാറില്ല. മെക്സിക്കോയെയോ ജഴ്സിയെയോ അപമാനിക്കാത്തതിനാൽ ഞാൻ മാപ്പ് പറയില്ല.”- മെസി പറഞ്ഞു.