മലപ്പുറം: കാൽപ്പന്ത് മാമാങ്കത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയിൽ തന്നെ സൗദി അറേബ്യയുടെ മുന്നിൽ ലാറ്റിനമേരിക്കൻ രാജാക്കൻമാരായ അർജന്റീന അടിപതറിയപ്പോൾ നെഞ്ചു പിടഞ്ഞത് ഒരു കൂട്ടം കുട്ടി ഫാൻസിൻ്റെ കൂടിയാണ്. കാതങ്ങൾക്കപ്പുറം പ്രിയ ടീമിൻ്റെ ഇതിഹാസ താരം മെസിയുടെ തോൽവി കണ്ടുനിൽക്കാൻ അവർക്കായില്ല. പലരും വിങ്ങിപ്പൊട്ടി, മറുവാദങ്ങൾ വിളിച്ചുപറഞ്ഞു.
വൈറൽ ആരാധികയെ കാണാനെത്തിയ മാധ്യമങ്ങളോടിപ്പോൾ സംഭവം വിവരിക്കുകയാണ് ലുബ്നു ഫാത്തിമ.
‘മെസി തോറ്റപ്പോ എനിക്ക് സഹിച്ചില്ല. ഓരവിടെ മെസിടെ ഫോട്ടോകൾ വെച്ചിരുന്നു. അതിൽ അവര്‍ ചീത്തയാക്കിയപ്പോ എനിക്ക് സഹിച്ചില്ല. അപ്പോ ഞാൻ ദേഷ്യം പിടിച്ച് ചീത്ത പറഞ്ഞതാ. ആദ്യം ഞാൻ റൊണാൾഡോ ഫാൻ ആയിരുന്നു. പിന്നെ, മെസി ഗോളടിക്കുന്നത് കണ്ടപ്പോ മെസിടെ ആളായി. കൊറേ ആൾക്കാര് മെസി തോറ്റുന്ന് പറഞ്ഞിട്ട് അവടെ കരഞ്ഞിരുന്നു. അപ്പോ എനിക്കും സഹിച്ചില്ല.
കളീല് ഈ പച്ച ടീമുകൾ കൊറേ ഇങ്ങനെ ഫൗളുകള്‍ കാട്ടി. മെസി പോയിക്കഴിഞ്ഞാ ഇവർക്ക് ഗോളടിക്കാലോ… അപ്പോ അവര്‍ കൊറേ കച്ചറകൾ ഇങ്ങനെ കാട്ടി. ലാസ്റ്റിലെ ഗോള്‍ അർജന്റീന അടിക്കാൻ നിക്കായിരുന്നു. അപ്പോത്തിന് ടൈം കഴിഞ്ഞു.
അടുത്ത ബ്രസീലിൻ്റെ കളീല് ഓര് തോക്കട്ടെ, ഞങ്ങള്‍ പടക്കം പൊട്ടിച്ച് ഇവിടെ പൊളിക്കും. അതേസമയം, ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് അർജന്റീനക്ക് നേരെ ഉയരുന്നത്. സൗദി അറേബ്യയോട് 2-1നാണ് ടീം അർജന്റീന പരാജയപ്പെട്ടത്. സ്കോർ ചെയ്യാൻ പല അവസരങ്ങൾ ലഭിച്ചെങ്കിലും സൗദിയുടെ ആക്രമണത്തിന് മുന്നിൽ മെസിപ്പടക്ക് മുന്നേറാൻ സാധിച്ചില്ല.
10-ാം മിനിട്ടിൽ പെരെഡെസിനെ സൗദിയുടെ അൽ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്കനുകൂലമായി ലഭിച്ച പെനാൽട്ടി മെസി ഗോളാക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് സൗദി അറേബ്യയോട് അർജന്റീന തോൽവി വഴങ്ങുന്നത്. അട്ടിമറി വിജയം നേടിയ സൗദിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.