സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ടീമായി പാകിസ്താൻ. സെമി ഫൈനലിൽ കരുത്തരായ ന്യൂസീലൻഡിനെ ഏഴുവിക്കറ്റിന് തകർത്താണ് പാകിസ്താൻ ഫൈനലിലെത്തിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസമിൻ്റെയും റിസ്‌വാൻ്റെയും പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. പവർ പ്ലേയിൽ രണ്ട് വിക്കറ്റുകൾ ന്യൂസിലൻഡിന് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തിൽ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലൻ തുടങ്ങിയത്. എന്നാൽ മൂന്നാം പന്തിൽ പുറത്താവുകയും ചെയ്തു. അഫ്രീദിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. തുടർന്ന് ഡെവോൺ കോൺവെയും ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ സ്‌കോർ 38-ൽ നിൽക്കുമ്പോൾ കോൺവെ റണ്ണൗട്ടായി. 20 പന്തിൽ നിന്ന് 21 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ വമ്പനടിക്കാരൻ ഗ്ലെൻ ഫിലിപ്പും (6) പെട്ടെന്ന് മടങ്ങിയതോടെ കിവീസ് പ്രതിരോധത്തിലായി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച വില്യംസൺ – ഡാരിൽ മിച്ചൽ സഖ്യം 68 റൺസ് കൂട്ടിച്ചേർത്ത് ടീം സ്‌കോർ മുന്നോട്ടുനയിച്ചു. ഇതിനിടെ ഷഹീൻ അഫ്രീദിയെറിഞ്ഞ 17-ാം ഓവറിൽ വില്യംസണ് പിഴച്ചു. സ്‌കൂപ്പിന് ശ്രമിച്ച വില്യംസൻ്റെ വിക്കറ്റുമായി പന്ത് പറന്നു. 42 പന്തിൽ നിന്ന് ഓരോ സിക്‌സും ഫോറുമടക്കം 46 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. പിന്നീട് ജെയിംസ് നീഷാമിനെ കൂട്ടുപിടിച്ച് മിച്ചൽ സ്‌കോർ 152-ൽ എത്തിച്ചു. നീഷാം 12 പന്തിൽ നിന്ന് 16 റൺസോടെ പുറത്താകാതെ നിന്നു. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ പാകിസ്താൻ അഞ്ച് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്‌വാൻ (57), ബാബർ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ബാബർ- റിസ്‌വാൻ സഖ്യം 105 റൺസാണ് നേടിയത്. 13-ാം ഓവറിലാണ് അസം മടങ്ങുന്നത്. പുറത്താവുമ്പോൾ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ താരം 53 റൺസ് നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് (26 പന്ത് 30) നിർണായക പ്രകടനം പുറത്തെടുത്തു. ഇതിനിടെ റിസ്‌വാൻ മടങ്ങി. അഞ്ച് ബൗണ്ടറികളാണ് ഇന്നിംഗ്‌സിൽ ഉണ്ടായിരുന്നത്. ഹാരിസിനെ 19-ാം ഓവറിൻ്റെ അവസാന പന്തിൽ മിച്ചൽ സാന്റ്‌നർ മടക്കി. എന്നാൽ ടിം സൗത്തിയെറിഞ്ഞ അവസാന ഓവറിൽ ഷാൻ മസൂദ് (3) വിജയം പൂർത്തിയാക്കി. ഇഫ്തികർ അഹമ്മദ് (0) പുറത്താവാതെ നിന്നു. ന്യൂസീലൻഡിനായി ട്രെന്റ് ബോൾട്ട് രണ്ടുവിക്കറ്റെടുത്തപ്പോൾ സാന്റ്‌നർ ഒരു വിക്കറ്റ് വീഴ്ത്തി.
നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാൻ ഫൈനലിൽ നേരിടും.