സിഡ്നി: ലൈംഗികാതിക്രമക്കേസിൽ ഓസ്ട്രേലിയയിൽ അറസ്റ്റ് ചെയ്യപ്പെട്ട ശ്രീലങ്കൻ ക്രിക്കറ്റ് താരം ദനുഷ്ക ഗുണതിലകയെ ലങ്കൻ ക്രിക്കറ്റ് ബോർഡ് ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ബോർഡിൻ്റെ എക്സിക്യുട്ടീവ് കമ്മിറ്റി താരത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി അറിയിച്ചത്.
ഇനിയുള്ള ടീം തിരഞ്ഞെടുപ്പുകളിലൊന്നും താരത്തെ പരിഗണിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും താരം കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കടുത്ത നടപടികളിലേക്ക് തിരിയുമെന്നും ബോർഡ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.